കൊച്ചി: മുന്‍ മന്ത്രിയും എം. പി. യുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടതും വലതും മുന്നണികളുടെ ഭാഗമായി കാല്‍ നൂറ്റാണ്ട് കാലം നിയമസഭയിലും അഞ്ച് വര്‍ഷം ലോക്‍സഭയിലും ജന പ്രതിനിധിയായി ഇരുന്നിട്ടുണ്ട്. പഞ്ചായത്തംഗം മുതല്‍ പാര്‍ളമെന്റ് അംഗം വരെ ആയിരുന്നിട്ടുള്ള അപൂര്‍വ്വം രാഷ്ടീയ നേതാക്കളില്‍ ഒരാളാണ് നമ്പാടന്‍ മാഷ്. 14 ആം ലോക്‍സഭയില്‍ ഏറ്റവും അധികം ദിവസം ഹാജരായ കേരളത്തില്‍ നിന്നും ഉള്ള എം. പി. യും അദ്ദേഹമായിരുന്നു.
1935-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് പേരാമ്പ്രയില്‍ മാളിയേക്കല്‍ നമ്പാടന്‍ വീട്ടില്‍ കുര്യപ്പന്റേയും പ്ലാമേനയുടേയും മകനായി ജനിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പേരാമ്പ്ര സെന്റ് ആന്റണീസ് യു. പി. സ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. 1963-ല്‍ കൊടകര പഞ്ചായത്ത് അംഗമായി തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്ക് കടന്നു. 1964-ല്‍ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. 1965-ല്‍ കൊടകരയില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977-ല്‍ ആദ്യമായി നിയമ സഭയിലേക്ക് കൊടകരയില്‍ നിന്നും യു. ഡി. എഫ്. സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ല്‍ ഗതാഗത വകുപ്പ് മന്ത്രിയായി. പിന്നീട് 1987-ല്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയുമായി. 2001-ല്‍ കൊടകര മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിലെ കെ. പി. വിശ്വനാഥനോട് പരാജയപ്പെട്ടു.
കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന കെ. കരുണാകരന്റെ മന്ത്രിസഭയെ മറിച്ചിട്ടു കൊണ്ട് കേരള രാഷ്ടീയത്തില്‍ നമ്പാടന്‍ തന്റെ കരുത്ത് തെളിയിച്ചു. 1982-ല്‍ മാര്‍ച്ച് പതിനഞ്ചാം തിയതി സ്പീക്കറുടെ കാസ്റ്റിങ്ങ് വോട്ടിന്റെ ഭൂരിപക്ഷവുമായി നിലനിന്നിരുന്ന മന്ത്രിസഭ നമ്പാടന്റെ തീരുമാനത്തെ തുടര്‍ന്ന് നിലം പൊത്തി. പിതാവ് കരുണാകരനെ തറ പറ്റിച്ച നമ്പാടനു മുമ്പില്‍ 2004-ലെ തിരഞ്ഞെടുപ്പില്‍ മകള്‍ പത്മജയും മുട്ടു കുത്തി. മുകുന്ദപുരം മണ്ഡലത്തില്‍ പത്മജയെ പരാജയപ്പെടുത്തുമ്പോള്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടുകള്‍ നമ്പാടന്‍ മാഷ് നേടിയിരുന്നു.
സഞ്ചരിക്കുന്ന വിശ്വാസി, നമ്പാടന്റെ നമ്പറുകള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനിയാണ് ഭാര്യ. ഷേര്‍ളി, സ്റ്റീഫന്‍, ഷീല എന്നിവര്‍ മക്കളാണ്.
മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം നാളെ പേരാമ്പ്രയില്‍ സംസ്കരിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം