അബുജ: നൈജീരിയയിലെ എബോണി സ്റ്റേറ്റില്‍ വംശീയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ പ്രവിശ്യയായ ഇബോണിയിലെ ഇഷേലു ജില്ലയില്‍ ബദ്ധവൈരികളായ ഇസ്സ, ഇസിലോ വംശീയര്‍ തമ്മിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവര്‍ക്കിടയില്‍ ഭൂമിയെച്ചൊല്ലി തര്‍ക്കം നേരത്തേ നിലവിലുണ്ട്. ബോകോ ഹറം തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യത്ത് പുതിയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
സംഘര്‍ഷത്തില്‍ ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പ്രദേശം സന്ദര്‍ശിച്ച പ്രവിശ്യാ ഗവര്‍ണര്‍ മാര്‍ട്ടിന്‍ എലേച്ചി ജനങ്ങളോടു സമചിത്തത പാലിക്കാന്‍ അഭ്യര്‍ഥിച്ചു. അതിനിടെ, നൈജീരിയയില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ‘ ബോകോ ഹറാം ‘ ക്രിസ്മസ് ദിനത്തില്‍ ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജൊനാഥന്‍ ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രിസ്തീയ ദേവാലയങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 49 പേര്‍ മരിച്ചിരുന്നു.
- ലിജി അരുണ്‍