ഫുക്കുഷിമ : സുനാമിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തകരാറിലായ ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ ഒന്നാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചു. റിയാക്ടര്‍ തണുപ്പിക്കുന്ന പമ്പുകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് റിയാക്ടര്‍ കോര്‍ തണുപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയും റിയാക്ടറിനകത്തെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയുമാണ് ഉണ്ടായത് എന്ന് ഇവിടെ നിന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മര്‍ദ്ദം കുറേശ്ശെയായി കുറയ്ക്കാന്‍ ചില വാല്‍വുകള്‍ തുറന്നു കൊണ്ട് ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍ ചില വാല്‍വുകള്‍ തുറക്കാനാകാത്ത വണ്ണം ഉറച്ചു പോയതിനാല്‍ ഈ ശ്രമം വിജയം കണ്ടില്ല.
സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണ് എന്ന് അധികൃതര്‍ പറയുന്നത് തെറ്റാണ് എന്ന് ഈ സ്ഫോടനം തെളിയിക്കു ന്നതായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ആണവ നിലയം സ്ഥിതി ചെയ്ത കെട്ടിടം തകര്‍ന്നതിനാല്‍ റിയാക്ടര്‍ ഭാഗികമായി ഉരുകിയിട്ടു ണ്ടാകുമെന്നാണ് കരുതുന്നത്. ഇത് പൂര്‍ണ്ണമായ റിയാക്ടര്‍ നാശത്തിന് വഴി വെയ്ക്കാം എന്നാണ് ആശങ്ക.
ആണവ നിലയത്തിലെ ഇന്ധനത്തിന്റെ താപനില നിയന്ത്രണ വിധേയമായി നിര്‍ത്താന്‍ ഇന്ധന ദണ്ഡുകള്‍ വെള്ളം ഉപയോഗിച്ച് തണുപ്പി ക്കുകയാണ് ചെയ്യുന്നത്. ഈ വെള്ളം റിയാക്ടറില്‍ നിന്നും പുറത്തു വരുന്നത് നീരാവി യായിട്ടാണ് എന്നതിനാല്‍ ഇത് വീണ്ടും ഉപയോഗി ക്കാനാവില്ല. റിയാക്ടര്‍ തണുപ്പിക്കാനായി തുടര്‍ച്ചയായി പുതിയ വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കണം എന്നര്‍ത്ഥം. സുനാമിയില്‍ പ്രവര്‍ത്തന രഹിതമായ വൈദ്യുതി ബന്ധവും പമ്പിംഗ് സംവിധാനവും തണുപ്പിക്കാനുള്ള സംവിധാനത്തെ തകരാറിലാക്കി. ഇന്ധന ദണ്ഡുകള്‍ തണുപ്പിക്കാനുള്ള വെള്ളം പമ്പ് ചെയ്യാന്‍ കഴിയാ താവുന്നതോടെ ജല നിരപ്പ് കുറയുകയും ദണ്ഡുകള്‍ ചൂടാവുകയും ഇവ ഉരുകുകയും ചെയ്യും. ഇതോടെ ആണവ വികിരണം ക്രമാതീതമാവും.
ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ ഇവിടെ ആറു റിയാക്ടറുകള്‍ ഉണ്ട്. ഫുക്കുഷിമ രണ്ടില്‍ നാല് റിയാക്ടറുകള്‍ ആണുള്ളത്. അല്‍പ്പം വടക്കായി വേറെയും മൂന്നു റിയാക്ടറുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം സ്ഥിതി ഗതികള്‍ ആശങ്കാ ജനകമാണ്.
പരിസര പ്രദേശങ്ങളിലെ ജനങ്ങളോട് നേരത്തെ അധികൃതര്‍ പറഞ്ഞത് പ്രദേശം വിട്ടു പോകുവാനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരോട് വീടിനകത്ത് തന്നെ ഇരിക്കുവാനാണ് പുതിയ നിര്‍ദ്ദേശം. ഇത് അന്തരീക്ഷത്തില്‍ വന്‍ തോതിലുള്ള ആണവ പ്രസരണം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.
ഫുക്കുഷിമയിലെ ആണവ നിലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നത് ആണവ പ്രസരണം പുറത്തേയ്ക്ക് വരുന്നതിനു എത്രത്തോളം സഹായകര മായിട്ടുണ്ട് എന്ന് ഇനിയും അറിവായിട്ടില്ല. എന്നാല്‍ വന്‍ തോതിലുള്ള ചോര്ച്ചയാണ് ഉണ്ടായത് എങ്കില്‍ ഇത് ബഹിരാകാശത്തേയ്ക്ക് വരെ പരക്കുവാനും, ശാന്ത സമുദ്രത്തിനപ്പുറത്തുള്ള അമേരിക്ക വരെ മഞ്ഞും മഴയുമായി പെയ്തിറങ്ങാനും സാദ്ധ്യതയുണ്ട്. ചെര്‍ണോബില്‍ ആണവ അപകടത്തെ തുടര്‍ന്ന് ഇത്തരം ആണവ മഴകള്‍ അമേരിക്കയിലും യൂറോപ്പിലും ഉണ്ടായിട്ടുണ്ട്.
ആണവ ഊര്‍ജ്ജം നമുക്ക് വേണ്ട എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന വിരോധികളാണ് എന്നാരോപിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ ഈ ദുരന്തങ്ങള്‍ ഇരുത്തി ചിന്തിപ്പിച്ചാല്‍ നന്ന്. അല്ലെങ്കില്‍ ഭാവി തലമുറകള്‍ നാം എത്ര വിഡ്ഢികളായിരുന്നു എന്ന് പറയുമെന്ന് തീര്‍ച്ച.
- ജെ.എസ്.