ഉക്രൈന്‍ : ജപ്പാനിലെ ഇപ്പോഴത്തെ ആണവ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ആണവ നിലയങ്ങളുടെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് ഉക്രൈനിലെ ആണവ നിയന്ത്രണ കമ്മിറ്റി ചെയര്‍മാന്‍ യെലേന മിക്കോളൈഷുക്. ആണവ വികിരണം നിയന്ത്രണ അതീതമായി തീര്‍ന്നിരിക്കുന്നതിനാല്‍ ജപ്പാനിലെ തുടര്‍ന്നുള്ള അവസ്ഥകള്‍ പ്രവചിക്കുക അസാധ്യമാണ്. എങ്കിലും ഉക്രൈനിലെ ചെര്‍ണോബില്‍ ദുരന്തം പോലെ വളരെ ഭയാനകമായ ഒരു അവസാനമായിരിക്കും ഫുകുഷിമയിലേത് എന്ന് അവര്‍ വിലയിരുത്തി.
ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്ന മറ്റു ലോക രാജ്യങ്ങള്‍ ജപ്പാനിലെ ഈ പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണവ റിയാക്ടറുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന്‍ വാതകം സംഭരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലോകത്തുള്ള ഒട്ടു മിക്ക ആണവ റിയാക്ടറുകളിലും ഇല്ല. എന്നാല്‍ അടുത്തിടെ കമ്മിഷന്‍ ചെയ്യപ്പെട്ട ഉക്രൈനിലെ ഖെമേല്‍നിസ്ക് ആണവ നിലയത്തിലും റോവ്നോ ആണവ നിലയത്തിലും സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉക്രൈനിലെ മറ്റു ആണവ നിലയങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ പദ്ധതി ഉണ്ട്. ഐക്യ രാഷ്ട്ര സഭയുടെ ആണവ സുരക്ഷ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഉക്രൈനിലെ എല്ലാ ആണവ നിലയങ്ങളും ഏറ്റവും പുതിയ സുരക്ഷ നയങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ സാധ്യമല്ലാത്ത എല്ലാ നിലയങ്ങളും അടച്ചു പൂട്ടുകയും ചെയ്തു. ഭൂകമ്പബാധയെ ചെറുക്കുവാന്‍ സാധിക്കുന്നവയാണ് ഈ നിലയങ്ങള്‍.
ജപ്പാനിലെ ആണവ നിലയങ്ങള്‍ ഇങ്ങനെ രൂപകല്പന ചെയ്തിരുന്നവ ആയിരുന്നെങ്കിലും അവയ്ക്ക് തുടര്‍ന്നുണ്ടായ സുനാമിയെയും വെള്ളപ്പൊക്കത്തെയും തടുക്കുവാന്‍ കഴിഞ്ഞില്ല . ഇവയെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് വേണം തുടര്‍ന്നുള്ള ഏതൊരു ആണവോര്‍ജ പദ്ധതിയും രൂപകല്പന ചെയ്യാന്‍.
ഉക്രൈനില്‍ 4 ആണവ നിലയങ്ങളിലായി 15 റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ 50% ല്‍ അധികം വൈദ്യുതി ഇവയില്‍ നിന്നുമാണ് ഉത്പാദിക്കപ്പെടുന്നത്.
- ലിജി അരുണ്‍