ട്രിപ്പോളി : അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ വ്യോമാക്രമണത്തില്‍ നാറ്റോ യുദ്ധ വിമാനങ്ങള്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ചൊവ്വാഴ്ച വന്‍ തോതില്‍ ബോംബ് വര്ഷം നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ സൈനിക നീക്കത്തില്‍ നാറ്റോ വിമാനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം ബോംബ് ആക്രമണങ്ങള്‍ നടത്തി. ഇത്തരം വ്യോമാക്രമണങ്ങള്‍ നേരത്തെ രാത്രി കാലങ്ങളില്‍ മാത്രമേ നടന്നിരുന്നുള്ളൂ.
മരണം വരെ തങ്ങള്‍ ജന്മനാട്ടില്‍ തുടരുക തന്നെ ചെയ്യും എന്ന് ഒരു പൊതു പ്രഖ്യാപനത്തില്‍ ഗദ്ദാഫി ആക്രമണത്തിനുള്ള മറുപടിയായി അറിയിച്ചു. നിങ്ങളുടെ മിസൈലുകളേക്കാള്‍ കരുത്തരാണ് ഞങ്ങള്‍. നിങ്ങളുടെ യുദ്ധ വിമാനങ്ങളേക്കാള്‍ ശക്തരാണ് ഞങ്ങള്‍. ലിബിയന്‍ ജനതയുടെ ശബ്ദം ബോംബ് സ്ഫോടനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സൈന്യം നേരിട്ട് യുദ്ധം ചെയ്യാതെ അമേരിക്കയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള നാറ്റോ സഖ്യത്തെ മുന്‍പില്‍ നിര്‍ത്തി തങ്ങള്‍ക്ക് ആവശ്യമുള്ള യുദ്ധങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് അടുത്ത കാലത്തായി ഒബാമ ഭരണകൂടം സ്വീകരിച്ചു വരുന്നത്.
- ജെ.എസ്.