വാഷിംഗ്ടണ്‍ : ലിബിയക്ക് നേരെ സഖ്യ കക്ഷികള്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ലിബിയന്‍ നേതാവ് ഗദ്ദാഫി അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയ്ക്ക് കത്തയച്ചു. തെരഞ്ഞെടുപ്പിന് തയ്യാര്‍ എടുക്കുന്ന ഒബാമയ്ക്ക് വിജയാശംസകള്‍ നേരാനും കത്തില്‍ ഗദ്ദാഫി മറന്നില്ല.
ഒരു തെറ്റായ നടപടിയ്ക്കെതിരെ ധീരമായ നിലപാട് എടുക്കാന്‍ താങ്കള്‍ മടി കാണിക്കില്ല എന്ന് കത്തില്‍ ഗദ്ദാഫി ഒബാമയോട് പറയുന്നു. ലോക സമാധാനത്തിനും, ഭീകരതയ്ക്ക് എതിരെയുള്ള സഹകരണത്തിനും നാറ്റോ സേനയെ ലിബിയയില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന് ഗദ്ദാഫി പറയുന്നു. സഖ്യ സേനയുടെ ആക്രമണം തങ്ങളെ മാനസികമായാണ് കൂടുതല്‍ തളര്‍ത്തിയത്. മിസൈലുകളും യുദ്ധ വിമാനങ്ങള്‍ കൊണ്ടും ജനാധിപത്യം കൊണ്ട് വരാന്‍ ആവില്ല. തങ്ങളുടെ യഥാര്‍ത്ഥ ശത്രു അല്‍ ഖാഇദ ആണെന്നും ഗദ്ദാഫി ചൂണ്ടിക്കാട്ടി.
നേരത്തെ ഗദ്ദാഫിയെ പേപ്പട്ടി എന്നു വിളിച്ച റൊണാള്‍ഡ് റീഗന്‍ ലിബിയയെ സൈനികമായി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ലിബിയയ്ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ ഒട്ടേറെ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
- ജെ.എസ്.