കൈറോ : പുറത്താക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡണ്ട് ഹൊസ്നി മുബാറൿ വൈദ്യ ശാസ്ത്രപരമായി മരണമടഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന് ആഘാതമേറ്റ ഇദ്ദേഹത്തെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന യൂറ തടവറയിൽ നിന്നും ഇന്നലെ രാത്രി അടിയന്തിരമായി ദക്ഷിണ കൈറോയിലെ മആദി സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തന രഹിതമാകുകയും വൈദ്യുത പ്രഹരങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചതായി സർക്കാർ അധീനതയിലുള്ള വാർത്താ ഏജൻസി അറിയിച്ചു. ഹൊസ്നി മുബാറൿ വൈദ്യശാസ്ത്രപരമായി മരണമടഞ്ഞതായും ഏജൻസി അറിയിക്കുന്നു.
എന്നാൽ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി നൈൽ ടി.വി. റിപ്പോർട്ട് ചെയ്തു. മുബാറൿ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്നു എന്നും നൈൽ ടി.വി. പറയുന്നു.
മുബാറക്കിന്റെ ഭാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ബന്ധുക്കൾ പറഞ്ഞതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
800ഓളം സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ചുമത്തി ജൂൺ 2ന് ഹൊസ്നി മുബാറക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, മനുഷ്യാവകാശം