പാരീസ് : ഫ്രാൻസിലെ പുതിയ സർക്കാർ സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കും. കത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഫ്രാൻസിൽ ഇത് തികച്ചും വ്യത്യസ്തമായ ചലനങ്ങൾ സമൂഹത്തിൽ വരുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മാസം അധികാരത്തിൽ വന്ന പ്രസിഡണ്ട് ഫ്രാൻസ്വാ ഒലാൻഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകും എന്ന് വാഗ്ദാനം നൽകി യിരുന്നു. ഇതിന് പിന്തുണ നൽകിക്കൊണ്ട് പ്രധാന മന്ത്രി ജോൺ മാർക്ക് കൂടി കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതോടെ ഇത് യാഥാർത്ഥ്യമാവും എന്ന് ഉറപ്പായി. സോഷ്യലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ ഭൂരിപക്ഷം നേടിയതോടെ മുൻ പ്രസിഡണ്ട് നിക്കോളാസ് സാർക്കോസിയുടെ ഭരണകാലത്ത് ഈ നീക്കത്തെ എതിർത്ത കൺസർവേറ്റിവ് പാർട്ടിക്ക് ഇനി ഇതിനെ തടയാൻ ആവില്ല എന്ന് വ്യക്തവുമായി.
ഫ്രാൻസിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ഇപ്പോഴും റോമൻ കത്തോലിക്കരാണെന്ന് സ്വയം പറയുമ്പോഴും ഇവരിൽ ഭൂരിഭാഗവും സഭയിൽ നിന്നും ഏറെ അകന്നാണ് നിൽക്കുന്നത്. പള്ളിയിൽ കുർബാനയ്ക്ക് പോകുന്നവരുടെ എണ്ണം ദിനം പ്രതി ചുരുങ്ങി വരികയാണ്. ലൈംഗിക വിഷയങ്ങളിൽ റോമൻ കത്തോലിക്കാ സഭ നിഷ്കർഷിക്കുന്ന കർശനമായ നിയന്ത്രണങ്ങളോ സ്വവർഗ്ഗ രതിയ്ക്കെതിരെ വത്തിക്കാൻ എടുക്കുന്ന നിലപാടുകളോ മിക്കവാറും ഫ്രെഞ്ചുകാർ വില കൽപ്പിക്കുന്നില്ല.
സാമ്പ്രദായിക കെട്ടുപാടുകളിൽ നിന്നും ഫ്രാൻസിനെ മോചിപ്പിച്ച് സാമൂഹിക മാറ്റത്തിന് ആക്കം നൽകുന്ന നിലപാടുകൾ സ്വീകരിക്കുക എന്ന ഒലാൻഡിന്റെ പ്രതിച്ഛായക്ക് ഏറെ ഗുണം ചെയ്യും ഈ നീക്കം എന്ന് കരുതപ്പെടുന്നു. ഫ്രാൻസിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെ നിയമിക്കുകയും ഫ്രാൻസിൽ വധശിക്ഷ നിരോധിക്കുകയും ചെയ്ത അന്തരിച്ച സോഷ്യലിസ്റ്റ് പ്രസിഡണ്ട് ഫ്രാൻസ്വാ മിത്തറാൻഡിന്റെ പാത പിന്തുടരുകയാണ് ഒലാൻഡ്. തന്റെ പാർട്ടിക്കാരിയായ സെഗൊലെന് റൊയാലുമായുള്ള വിവാഹേതര ബന്ധത്തിൽ 4 കുട്ടികൾ ഉള്ള ഒലാൻഡ് സ്വതസിദ്ധമായ ശൈലിയിൽ വൻ സാമൂഹ്യ മാറ്റങ്ങളുടെ പ്രതീക്ഷയാണ് ഫ്രാൻസ് ജനതയ്ക്ക് നൽകുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഫ്രാന്‍സ്, മനുഷ്യാവകാശം, സാമൂഹികം