കിയേവ്: യൂറോ കപ്പില്‍ മുത്തമിടാന്‍ വീണ്ടും പോരുകാളകളുടെ നാടിനു ഭാഗ്യം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ നല്‍കി ഇറ്റലിയെ പരാജയപ്പെടുത്തി സ്പെയിന്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍ മാരായി. ഇതോടെ തുടര്‍ച്ചയായി മൂന്നു വിഖ്യാത മത്സരങ്ങളില്‍ ചാമ്പ്യന്മാരാകുന്ന ടീം എന്ന ബഹുമതിയും ഇവര്‍ക്കായി. ജര്‍മ്മനിയെ രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ചെത്തിയ ഇറ്റലിക്ക് കലാശക്കളിയില്‍ സ്പെയിനിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യവസാനം കളിയിൽ മേല്‍കോയ്മ നിലനിര്‍ത്താന്‍ സ്പെയിനിനായി.
കിയേവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇറ്റലിയെ ഞെട്ടിച്ചു കൊണ്ട് ആദ്യ പകുതിയിലെ പതിനാലാം മിനുട്ടില്‍ തന്നെ സുന്ദരമായ ഹെഡിലൂടെ ഡേവിഡ് സില്‍വ വല കുലുക്കിയപ്പോള്‍ സ്പെയിനിന്റെ തേരോട്ടം തുടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കറുത്ത കുതിരയായി ഇറ്റലിയെ വിജയ പഥത്തില്‍ എത്തിച്ച ബലോട്ടെല്ലിക്ക് മികച്ച ഫോം കണ്ടെത്താനാന്‍ കഴിയാതെ പോയി. സ്പെയിന്‍ പുൽതകിടിയില്‍ നെയ്തെടുത്ത പാസുകളുടെ വല പൊളിക്കാന്‍ ഇറ്റലിക്കായില്ല. മുന്നേറ്റ നിരയില്‍ ഡേവിഡ് സില്‍വയും ജോര്‍ഡി ആല്‍ബയും നിറഞ്ഞാടി. ഫാബ്രിഗാസ് അവസരത്തിനൊത്ത് ഉയര്‍ന്നു പാഴാക്കിയ അവസരങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ അര ഡസനില്‍ അധികം ഗോളുകള്‍ ഇറ്റലിക്ക് വീഴുമായിരുന്നു. 41ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ ജോര്‍ഡി ആല്‍ബയുയുടെ ബൂട്ടില്‍ നിന്നും പിറന്നതോടെ ഇറ്റലി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇതോടെ പ്രതിരോധത്തില്‍ ആയ ഇറ്റലിക്ക് പിന്നെ ആക്രമിച്ചു കളിക്കാന്‍ കഴിഞ്ഞില്ല. 75 ാം മിനിറ്റില്‍ ഫാബ്രിഗാസിന് പകരം ഇറങ്ങിയ ടോറസ് 83ാം മിനിറ്റില്‍ വീണ്ടും വല കുലുക്കിയപ്പോള്‍ ഇറ്റലിയുടെ പതനം ഉറപ്പായിരുന്നു. 88ാം മിനിറ്റില്‍ ടോറസിന്റെ സുന്ദരമായ പാസില്‍ അവസാന നിമിഷം കളത്തിലിറങ്ങിയ ജുവാന്‍ മാട്ട പായിച്ച ഗോളോടെ എണ്ണം പൂര്‍ത്തിയാക്കി. ചുവന്ന കുപ്പായമണിഞ്ഞു വന്ന സ്പെയിൻ നീല പടയായി വന്ന അസൂരികളെ വരിഞ്ഞു മുരുക്കിയതോടെ സ്പെയിൻ അനുകൂലികളായ കാണികള്‍ ചുവന്ന തിരമാലകള്‍ തീര്‍ത്തു. തുടര്‍ച്ചയായി കളിയഴകില്‍ കളം വാണ സ്പെയിന്‍ പുല്‍ത്തകിടിയില്‍ പുതിയ വീരചരിതമെഴുതി ചരിത്രത്തില്‍ ഇടം നേടി.
- ജെ.എസ്.