ലണ്ടന്‍ : മാധ്യമ രംഗത്തെ ആധിപത്യം രാഷ്ട്രീയ നിയന്ത്രണത്തിനായി ഉപയോഗിച്ച് പത്ര ധര്‍മ്മത്തിന് തീരാ കളങ്കം ഏല്‍പ്പിച്ച മാധ്യമ രാജാവ് റൂപേര്‍ട്ട് മര്‍ഡോക്ക് പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു തുടങ്ങി. തന്റെ അനന്തമായ മാധ്യമ സ്വാധീനം ഉപയോഗിച്ച് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളെ കക്ഷി ഭേദമന്യേ നിയന്ത്രിക്കുകയും ഭരണകൂടങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നതില്‍ ഊറ്റം കൊണ്ട മര്‍ഡോക്കിനെതിരെ ബ്രിട്ടീഷ് രാഷ്ട്രീയ രംഗം ഐകകണ്ഠേന നിലപാട് സ്വീകരിച്ചതോടെ താന്‍ ഇത്രയും നാള്‍ നടത്തിയതില്‍ വെച്ച് ഏറ്റവും ബൃഹത്തായ മാധ്യമ അധിനിവേശ ഉദ്യമത്തില്‍ നിന്നും പിന്മാറാനും ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ ഹാജരായി തെളിവ് നല്‍കാനുള്ള നിര്‍ദ്ദേശം അനുസരിക്കുവാനും മര്‍ഡോക്ക് തയ്യാറായി.
മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരമായി പോലീസുകാരുമായി കൂട്ടുകൂടി ചൂടുള്ള വാര്‍ത്തകള്‍ സംഘടിപ്പിക്കാനായി ഫോണ്‍ ചോര്‍ത്തുന്ന വിവരം പുറത്തായതിനെ തുടര്‍ന്ന് ഇത്രയും കാലം മര്‍ഡോക്കിന്റെ നല്ല പുസ്തകങ്ങളില്‍ മാത്രം വരാന്‍ ശ്രദ്ധിച്ചിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം മര്‍ഡോക്കിന് എതിരെ നിലപാട് സ്വീകരിക്കാന്‍ തയ്യാറായി. ഇതേ തുടര്‍ന്ന് താന്‍ എത്ര പണം എറിഞ്ഞാലും ബ്രിട്ടീഷ് സ്കൈ ബ്രോഡ്‌കാസ്റ്റിംഗ് എന്ന ടെലിവിഷന്‍ ചാനലിന്റെ തന്റെ കൈവശം ഇല്ലാത്ത 61 ശതമാനം ഓഹരികള്‍ കൂടി തനിക്ക് കൈമാറാനുള്ള നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിക്കില്ല എന്ന് മര്‍ഡോക്കിന് ബോദ്ധ്യമായി.
ഒടുവില്‍ ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വത്തിന് നട്ടെല്ല് തിരികെ ലഭിച്ചു എന്നാണ് ഇതേപറ്റി പ്രമുഖ ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകനായ സ്റ്റീവ് ബാര്നെറ്റ് അഭിപ്രായപ്പെട്ടത്.
ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രം മര്‍ഡോക്ക് അടച്ചു പൂട്ടി.
പോലീസിന് കൈക്കൂലി കൊടുത്ത് ഫോണ്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നിയോഗിച്ച കമ്മീഷന്‍ മാധ്യമ സംസ്കാരവും, മാധ്യമ രംഗത്ത് നിലനില്‍ക്കുന്ന അനാരോഗ്യകരമായ രീതികളും പ്രവണതകളും, മാധ്യമ നൈതികതയും വിശദമായ അന്വേഷണത്തിന് വിധേയമാക്കും.
9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഫോണുകള്‍ ചോര്‍ത്തി എന്ന ആരോപണം പുറത്തു വന്നതോടെ അമേരിക്കയിലും മര്‍ഡോക്കിനെതിരെ ശക്തമായ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അമേരിക്കന്‍ പൌരന്റെ ഫോണ്‍ മര്‍ഡോക്ക് ചോര്‍ത്തിയതായി തെളിഞ്ഞാല്‍ അനന്തരഫലങ്ങള്‍ കടുത്തതായിരിക്കും എന്നാണ് അമേരിക്കന്‍ സെനറ്റര്‍ റോക്ക്ഫെല്ലര്‍ ഇന്നലെ പറഞ്ഞത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, ബ്രിട്ടന്, വിവാദം