വാഷിങ്ടണ്‍:മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ എന്ന സ്ത്രീ ഐ.എസ്.ഐ.ക്കും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ അമേരിക്കയിലെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കി. അമേരിക്കയില്‍ ഇത്തരത്തില്‍ വരുന്ന നാലാമത്തെ കേസാണിത്.
ഐ.എസ്.ഐ. മേധാവി അഹമ്മദ് ഷൂജ പാഷയ്ക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും എതിരെയാണ് കേസ്. 2008ലെ മുംബൈ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയ്‌ക്കൊപ്പം ഐ.എസ്.ഐ.യും പങ്കുചേര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.എസ്.ഐ.യില്‍ നിന്ന് 75,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരവും ലിന്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച ന്യൂയോര്‍ക്ക് കോടതി ഐ.എസ്.ഐ. മേധാവിക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും സമന്‍സയച്ചു. ലഷ്‌കര്‍ നേതാക്കളായ ഹാഫിസ് മുഹമ്മദ് സയീദ്, സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വി, സാജിദ് മിര്‍, അസം ചീമ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അമേരിക്കയിലെ ടെന്നീസി സ്വദേശിയായ ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലിലുണ്ടായിരുന്നു. ഭീകരരുടെ വെടിവെപ്പില്‍ ലിന്‍ഡയ്ക്ക് പരിക്കേറ്റിരുന്നു.
-