ബ്രസീല്‍ : ബ്രസീലിന്റെ മഞ്ഞ ജെഴ്സിയുമണിഞ്ഞ് കളിച്ചയിടങ്ങളിലെല്ലാം സൂര്യ തേജസ്സിന്റെ സുവര്‍ണ്ണ പ്രഭ വിതറിയ “കറുത്ത മുത്ത്”, “ഫുട്ബോള്‍ രാജാവ്” എന്നും കേവലം “രാജാവ്” എന്നും അറിയപ്പെട്ട എഡിസന്‍ ആരാന്റെസ് ദോ നാസ്സിമെന്ടോ അഥവാ “പെലെ” യ്ക്ക് ഇന്ന് എഴുപത് വയസ് തികയുന്നു. ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരന്‍ എന്ന് ആരാധകര്‍ വാഴ്ത്തുന്ന പെലെ. തന്റെ ആയിരാമത്തെ ഗോള്‍ ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച പെലെ.
140 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീസായി വാങ്ങുന്ന ഇന്നത്തെ കളിക്കാരുടെ കാലത്ത് പെലെയുടെ കഴിവുകളുടെ വില എത്രയായിരിക്കും എന്നത് രസകരമായ ചിന്തയാണ്.
1956ല്‍ തന്റെ 16ആം വയസില്‍ സാന്തോസിന്റെ ഒന്നാം ടീമില്‍ സ്ഥാനം നേടിയ പെലെ തന്റെ 17ആം വയസില്‍ ലോക കപ്പ് സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ സ്വീഡനെതിരെ രണ്ടു ഗോളും നേടി ബ്രസീലിനെ വിജയത്തിലേക്ക് എത്തിച്ചു. പിന്നീട് 1962ലും 1970ലും ലോക കപ്പ് മെഡലുകള്‍ പെലെയെ തേടിയെത്തി. 97 ഗോളുകള്‍ പെലെ ബ്രസീലിന് വേണ്ടി അടിച്ചു.
താന്‍ കളിച്ച 1363 ഫസ്റ്റ് ക്ലാസ് കളികളില്‍ നിന്നുമായി 1281 ഗോളുകളാണ് പെലെ നേടിയത്.
പെലെയുടെ തത്വശാസ്ത്രം ലളിതമാണ്. “ഫുട്ബോള്‍ ഒരു ടീം സ്പോര്‍ട്ട് ആണ്. ഒരു വ്യക്തിക്കും സ്വന്തമായി കളിച്ചു ജയിക്കാനാവില്ല. പെലെ ഒരു പ്രശസ്തമായ നാമമാണ്. എന്നാല്‍ പെലെ ഗോളുകള്‍ അടിച്ചത് ശരിയായ സമയത്ത് വേറൊരാള്‍ പെലെയ്ക്ക് പന്ത് കൈമാറിയത് കൊണ്ടാണ്. ബ്രസീല്‍ കളികള്‍ ജയിച്ചത് പെലെ സ്വന്തമായി ഗോളുകള്‍ അടിക്കാന്‍ ശ്രമിക്കാതെ തക്ക സമയത്ത് പന്ത് വേറെ കളിക്കാര്‍ക്ക് കൈമാറി ഗോളുകള്‍ ഉറപ്പു വരുത്തിയത് കൊണ്ടാണ്. ”
ലോകത്തിലെ ഏറ്റവും സുന്ദരമായ കളിയുടെ ശരിയായ നിര്‍വചനമാണിത്. പെലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരനാവുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരവും.
- ജെ.എസ്.