മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുന്നത് വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍
ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക് വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു.
എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.




വെള്ളക്കാരന്റെ വര്‍ണ്ണ വെറിയുടെ പ്രതീകമായ കു ക്ലക്സ് ക്ലാന്‍ എന്ന ഭീകര സംഘടനയാണ് ഓസ്ട്രേലിയയിലും ഇപ്പോള്‍ കാനഡയിലും ഏഷ്യാക്കാര്‍ക്കും പ്രത്യേകിച്ച് ഇന്ത്യാക്കാര്‍ക്കും നേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ക്കു പുറകില്‍ എന്ന സംശയം പ്രബലപ്പെടുന്നു. കാനഡയിലെ ആക്രമണത്തോടെ ഇന്ത്യാക്കാര്‍ക്ക് എതിരെയുള്ള വംശീയ ആക്രമണങ്ങള്‍ക്ക് അന്താരാഷ്ട്ര മാനങ്ങള്‍ കൈവന്നിരിക്കുന്നതാണ് ആശങ്കക്ക് കാരണം ആവുന്നത്.
വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.
ആസ്ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആയി പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ ഇതു വരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ആസ്ത്രേലിയയിലെ വിക്ടോറിയാ പ്രവിശ്യയിലാണ് ലോകത്തെ ഞെട്ടിച്ച ഈ കാട്ടു തീ പടരുന്നത്. മുപ്പത്തി ഒന്ന് ഇടങ്ങളിലായി ആളി കത്തുന്ന തീ അണക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്നാണ് നിഗമനം. ഔദ്യോഗിക കണക്ക് അനുസരിച്ച് 108 പേര്‍ കൊല്ലപ്പെട്ടു എന്നാണെങ്കിലും കത്തിക്കരിഞ്ഞ വീടുകള്‍ പരിശോധിച്ചു കഴിയുമ്പോഴേക്കും മരണ സംഖ്യ ഇനിയും ഉയരാന്‍ ആണ് സാധ്യത. ശനിയാഴ്ച തുടങ്ങിയ കാട്ടു തീ 750ഓളം വീടുകള്‍ ആണ് കത്തിച്ചു ചാമ്പല്‍ ആക്കിയത്. മൂന്നര ലക്ഷം ഹെക്ടര്‍ ഭൂമിയോളം പരന്നു കിടക്കുന്ന നാശത്തിനു പിന്നില്‍ കൊള്ളി വെപ്പുകാരുടെ കൈകള്‍ ആണെന്ന് ആസ്ത്രേലിയന്‍ പ്രധാന മന്ത്രി കെവിന്‍ റുഡ്ഡ് അറിയിച്ചു. പലയിടങ്ങളിലും മനഃപൂര്‍വ്വം കൊള്ളി വെപ്പുകാര്‍ തന്നെയാണ് തീ തുടങ്ങിയതത്രെ. ചില സ്ഥലങ്ങളില്‍ കത്തി അമര്‍ന്ന തീ ഇവര്‍ വീണ്ടും കത്തിക്കുകയും ചെയ്തു.
























