വിഡ്ഢി ദിനത്തില്‍ കോണ്‍ഫിക്കര്‍ ആക്രമിക്കുമോ?

March 31st, 2009

കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
 
ആന്റി വയറസ് പ്രോഗ്രാമുകളുടെ ശ്രദ്ധയില്‍ പെടാതെ ഈ വയറസിന് ഒരു യു.എസ്.ബി. ഫ്ലാഷ് ഡ്രൈവില്‍ നിന്നും നേരിട്ട് കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് കയറി പറ്റാന്‍ ആവുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. കൊണ്ടു നടക്കുവാന്‍ എളുപ്പവും ധാരാളം ശേഖരണ ശേഷിയുമുള്ള യു.എസ്.ബി. ഫ്ലാഷ് ഡ്രൈവുകള്‍ വഴിയാണ് ഈ വയറസ് കമ്പ്യൂട്ടറുകളെ ഏറ്റവും എളുപ്പം പകര്‍ന്ന് പിടിച്ചതും. മറ്റൊരു ശ്രദ്ധേയമായ വസ്തുത അനധികൃതമായ വിന്‍ഡോസ് ഉപയോക്താക്കളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചത് എന്നതാണ്. സോഫ്റ്റ്വെയര്‍ കൊള്ള (piracy) തടയാന്‍ മൈക്രോസോഫ്റ്റ് ഇത്തരം അനധികൃത പകര്‍പ്പുകളെ ഏറ്റവും പുതിയ സുരക്ഷാ കൂട്ടിച്ചേര്‍ക്കലുകള്‍ (security patches) സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞത് മൂലമാണ് ഇത്. സ്വന്തം കമ്പ്യൂട്ടറുകള്‍ ശരിയായ വിധം അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കും ഇത് വിനയായി. അത്തരം കമ്പ്യൂട്ടറുകളെയാണ് ഈ വയറസ് ഏറ്റവും അധികം ബാധിച്ചത്.
 
ലോകമാകമാനം 12 മില്ല്യണിലേറെ കമ്പ്യൂട്ടറുകളെ ഇതിനോടകം ബാധിച്ചു കഴിഞ്ഞ ഈ വയറസിനെ നമുക്ക് തള്ളി കളയാന്‍ ആവില്ല. ഇതിന്റെ നാശം വിതക്കാന്‍ ഉള്ള കഴിവും അപാരമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇത് ചെയ്യുവാന്‍ ഉള്ള കഴിവ് ഈ വയറസിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ഏപ്രില്‍ ഒന്നിന് ഇതിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇതിനെ കൂടുതല്‍ നശീകരണത്തിന് പ്രാപ്തമാക്കില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനെ തടയുവാന്‍ ഉള്ള ശ്രമങ്ങളെ ചെറുക്കുവാന്‍ മാത്രമെ ഈ വയറസിന് വരുന്ന മാറ്റങ്ങള്‍ ഉതകൂ. ഇത് വരുത്തുന്ന നാശം എപ്പോള്‍ വേണമെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൂട്ടുകയോ അതിന്റെ ആക്രമണ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാനാവും.
 
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ കഴിയില്ല. അത് പോലെ തന്നെ മറ്റ് അനേകം ആന്റി വയറസ് സൈറ്റുകളിലേക്കും ഉള്ള പ്രവേശനം ഈ വയറസ് മുടക്കും. ഈ വയറസിനെ നശിപ്പിക്കാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ വയറസ് വിമുക്തമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
എന്നാല്‍ ഈ സൈറ്റിലേക്കുള്ള പ്രവേശനവും വയറസ് നിരോധിച്ചിട്ടുണ്ട്. ഈ സൈറ്റ് നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ ആവുന്നുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഇല്ല എന്ന് നിങ്ങള്‍ക്ക് മിക്കവാറും ഉറപ്പിക്കാം
 
മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ ലഭ്യമായ ഈ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള കോണ്‍ഫിക്കറിനെ നശിപ്പിക്കാം.
 
ഈ വയറസിനെതിരെ ലഭ്യമായ മറ്റ് രണ്ട് പ്രോഗ്രാമുകള്‍ ഇവിടെയും ഇവിടെയും ഉണ്ട്.
 
ഈ വയറസിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി പഠിച്ച ഒരു വിയറ്റ്നാം സുരക്ഷാ കമ്പനി ഇതിന്റെ ഉല്‍ഭവം ചൈനയില്‍ നിന്നാണ് എന്ന് അറിയിക്കുന്നു. അവര്‍ സൌജന്യമായി ലഭ്യമാക്കിയ ആന്റിവയറസ് പ്രോഗ്രാം ഇവിടെ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈനയില്‍ നിന്നും സൈബര്‍ യുദ്ധം

March 30th, 2009

103 രാജ്യങ്ങളിലെ തന്ത്ര പ്രധാന കമ്പ്യൂട്ടറുകളെ ആക്രമിച്ചു കീഴടക്കിയ ഒരു വമ്പന്‍ ചൈനീസ് സൈബര്‍ ചാര ശൃംഖല കണ്ടെത്തി. കാനഡയിലെ ടൊറോണ്ടോയിലെ മങ്ക് അന്താരാഷ്ട്ര പഠന കേന്ദ്രം പത്ത് മാസത്തോളം നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ചൈനയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഗോസ്റ്റ്നെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാര ശൃംഖല കണ്ടെത്തിയത്. ആഴ്ച തോറും ഒരു ഡസന്‍ പുതിയ കമ്പ്യൂട്ടറുകള്‍ എങ്കിലും ഈ ആക്രമണത്തില്‍ കീഴടങ്ങുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. ഇങ്ങനെ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ മിക്കവയും സര്‍ക്കാരുകളുടേയും മന്ത്രാലയങ്ങളുടേയും എംബസ്സികളുടേയും മറ്റും ആണ് എന്നത് പ്രശ്നത്തെ അതീവ ഗുരുതരമാക്കുന്നു.

ഇത്തരത്തില്‍ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ ഈ കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഈമെയില്‍ സന്ദേശങ്ങള്‍ ചൈനയിലേക്ക് പകര്‍ത്തി കൊടുക്കുന്നു. മാത്രവുമല്ല ഇത്തരം കമ്പ്യൂട്ടറുകളിലെ മൈക്കും വെബ് കാമറയും ആരുമറിയാതെ പ്രവര്‍ത്തിപ്പിച്ച് ഒരു സമ്പൂര്‍ണ്ണ നിരീക്ഷണ കേന്ദ്രമാക്കി ഇത്തരം കമ്പ്യൂട്ടറുകളെ ഇവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കമ്പ്യൂട്ടറിന്റെ അടുത്തു വെച്ചു നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഇവ റിക്കോഡ് ചെയ്ത് ചൈനയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും.

ഈ ചാര സംഘത്തിനു പിന്നില്‍ ചൈനയിലെ സര്‍ക്കാരിനു പങ്കുണ്ടോ എന്നു വ്യക്തമല്ലെങ്കിലും ആക്രമണത്തിനു വിധേയമായ കമ്പ്യൂട്ടറുകളില്‍ മിക്കതും വിദേശ സര്‍ക്കാരുകളുടേതാണ്.

1295 കമ്പ്യൂട്ടറുകള്‍ ചൈനീസ് അധീനതയില്‍ ആയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. അമേരിക്ക, ബെല്‍ജിയം, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍, സൈപ്രസിലേയും ബ്രിട്ടനിലേയും ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍, നാഷണല്‍ ഇന്‍ഫൊര്‍മാറ്റികസ് സെന്റര്‍, ഇന്ത്യയിലെ വിവിധ സോഫ്റ്റ്വെയര്‍ ടെക്നോപാര്‍ക്കുകള്‍, ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബത്ത് സര്‍ക്കാരിന്റെയും ദലായ് ലാമയുടേയും കമ്പ്യൂട്ടറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ദലായ് ലാമയുടെ കമ്പ്യൂട്ടര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന സംശയത്തില്‍ നിന്നാണ് ഗോസ്റ്റ്നെറ്റിനെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ദലായ് ലാമ ഒരു വിദേശ നയതന്ത്രജ്ഞന് അയച്ച ഒരു ക്ഷണ പത്രം ചോര്‍ന്നതായി സംശയം പ്രകടിപ്പിച്ച് ചില കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ ബന്ധപ്പെടുകയായിരുന്നു. ദലായി ലാമ ക്ഷണ പത്രം അയച്ച ഉടന്‍ ചൈനീസ് പ്രതിനിധികള്‍ പ്രസ്തുത വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ സമീപിക്കുകയും ലാമയെ സന്ദര്‍ശിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ലാമക്ക് സംശയം തോന്നുവാനുള്ള കാരണം.

ലാമയുടെ ആവശ്യ പ്രകാരം അമേരിക്കയിലെ വിദഗ്ദ്ധര്‍ ഇന്ത്യയിലെ ധര്‍മ്മശാലയില്‍ എത്തുകയും ലാമയുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ കമ്പ്യൂട്ടറില്‍ ചൈനയില്‍ നിന്നും അതിക്രമിച്ചു കയറിയിരിക്കുന്നു എന്ന് മനസ്സിലായി. അഭയാര്‍ത്ഥികളെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും ഉള്ള ഒട്ടേറെ വിവരങ്ങള്‍ ഈ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നു. ഇതത്രയും തന്നെ ചൈനക്ക് തിബത്തിനെതിരെ ആക്രമണത്തിനുള്ള ലക്ഷ്യങ്ങളും ആയിരുന്നു.

ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഗോസ്റ്റ്നെറ്റ് എന്ന ചൈനീസ് സൈബര്‍ ചാര ശൃംഖല പുറത്തായത്.

2003ല്‍ നടന്ന നാഷണല്‍ പീപ്‌ള്‍സ് കോണ്‍ഗ്രസില്‍ ചൈനീസ് പട്ടാളം സൈബര്‍ യുദ്ധ യൂണിറ്റുകള്‍ രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഏത് യുദ്ധത്തിനു മുന്നോടിയായും ഇന്റര്‍നെറ്റ് യുദ്ധം നടത്തി ശത്രു പക്ഷത്തെ ദുര്‍ബലപ്പെടുത്തും എന്ന് അന്ന് ജനറല്‍ ഡായ് ഖിങ്മിന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതെല്ലാം വെറും കെട്ടു കഥകള്‍ ആണെന്നും ചൈന ഇത്തരം സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് എതിരാണെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബലാത്സംഗ ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു

January 15th, 2009

ഉത്തര്‍ പ്രദേശിലെ ചൊക്കട എന്ന ഗ്രാമത്തില്‍ തന്റെ എണ്ണ ചക്കില്‍ ജോലിക്ക് എത്തിയ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ മില്ലുടമയായ ഇക്രം എന്നയാള്‍ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ ഇനിയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പതിനാല് കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ തന്നെ ചന്ദ്പുര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മക്ക് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇവിടെ സാധാരണം ആണെന്ന് ഒരു ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.


പാക്കിസ്ഥാനില്‍ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒ.ജെ. സിം‌പ്സണ് 33 വര്‍ഷം ജയില്‍ ശിക്ഷ

December 8th, 2008

മുന്‍ അമേരിക്കന്‍ ഫുട്ബാ‍ള്‍ താരം ഒ.ജെ.സിം‌പ്സണ്‍(61) 33 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടു. തട്ടിക്കൊണ്ട് പോകല്‍, കായിക ഉപകരണ ഡീലേഴസിനെ കൊള്ളയടിക്കല്‍ എന്നി കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രായാധിക്യം പരിഗണിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരോള്‍ അനുവദിക്കും. വിധിക്കെതിരെ സിം‌പ്സണ്‍ അപ്പീല്‍ നല്‍കിയെങ്കിലും പ്രയോചനമുണ്ടായില്ല. 1995ല്‍ മുന്‍ ഭാര്യയെ കൊന്ന കേസില്‍ 33.5 മില്യണ്‍ യു.എസ്. ഡോളര്‍ പിഴ ശിക്ഷ കിട്ടിയ ആളാണ് സിം‌പ്സണ്‍. കോടതി വിധി സംതൃപ്തി തരുന്നെന്ന് ഗോള്‍ഡ്മന്റെ പിതാവ് അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കടല്‍ കൊള്ള : ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യു. എന്‍. പിന്തുണ

November 20th, 2008

സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു കപ്പല്‍ കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ യുദ്ധത്തിലൂടെ ഇന്ത്യ തകര്‍ത്ത നടപടിക്ക് ഐക്യ രാഷ്ട്ര സഭ ജെനറല്‍ സെക്രട്ടറി ബെന്‍ കി മൂണ്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. തങ്ങള്‍ സോമാലിയന്‍ സര്‍ക്കാരും, അന്താരാഷ്ട്ര നാവിക സംഘടനയും, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പ്രശ്നത്തിന് ഒരു അറുതി വരുത്താനുള്ള തീവ്ര ശ്രമത്തിലാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. ഇന്ത്യന്‍ നാവിക സേനയുടെ പരിശ്രമങ്ങള്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാവും. കൂടുതല്‍ സൈന്യങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നത് ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കുവാന്‍ സഹായിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ നാവിക സേന കടല്‍ കൊള്ളക്കാരുടെ കപ്പല്‍ ആക്രമിച്ചു മുക്കി

November 19th, 2008

രൂക്ഷമായ കടല്‍ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ നാവിക സേനയുടെ ഐ. എന്‍. എസ്. തബാര്‍ എന്ന യുദ്ധ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു മാതൃയാനം മുക്കി. കഴിഞ്ഞ ആഴ്ച്ച രണ്ട് ചരക്ക് കപ്പലുകള്‍ ഇന്ത്യന്‍ നാവിക സേന ഇതേ കടല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഒമാനിലെ സലാലയില്‍ നിന്ന് 285 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ വൈകീട്ടാണ് നാവിക സേനയുടെ കപ്പല്‍ കൊള്ളക്കാരുടെ കപ്പല്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സേനയുടെ ഈ യുദ്ധ കപ്പല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടല്‍ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുകയായിരുന്നു. കപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ. എന്‍. എസ്. തബാര്‍ കൊള്ളക്കാരുടെ കപ്പല്‍ പരിശോധിക്കുവാനായി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു വഴങ്ങാതെ കൊള്ളക്കാര്‍ തിരിച്ച് ആക്രമിക്കുകയാണ് ഉണ്ടായത്. തോക്കുകളും ആയുധങ്ങളുമായി കടല്‍ കൊള്ളക്കാര്‍ കപ്പലിന്റെ ഡെക്കില്‍ റോന്ത് ചുറ്റുന്നത് കാണാമായിരുന്നുവത്രെ. തങ്ങളുടെ കപ്പലിനു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ആക്രമണം ആരംഭിച്ചു. സേനയുടെ ആക്രമണത്തില്‍ കൊള്ളക്കരുടെ കപ്പലില്‍ സംഭരിച്ചു വെച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ക്ക് തീ പിടിക്കുകയും വന്‍ പൊട്ടിത്തെറിയോടെ കപ്പല്‍ കടലില്‍ മുങ്ങുകയും ഉണ്ടായി എന്ന് ഒരു നാവിക സേനാ വക്താവ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റാഞ്ചിയ കപ്പല്‍ വിട്ടയച്ചു; ഇന്ത്യാക്കാര്‍ സുരക്ഷിതര്‍

November 16th, 2008

രണ്ടു മാസം മുന്‍പ് കടല്‍ കൊള്ളക്കാര്‍ റാഞ്ചി കൊണ്ട് പോയ സ്റ്റോള്‍ വാലര്‍ എന്ന കപ്പല്‍ കൊള്ളക്കാര്‍ വിട്ടു കൊടുത്തു. പതിനെട്ട് ഇന്ത്യന്‍ തൊഴിലാളികള്‍ രണ്ടു മാസമായി ഈ കപ്പലില്‍ കൊള്ളക്കാരുടെ തടവില്‍ ആയിരുന്നു. കൊള്ളക്കാരുമായി ഉണ്ടാക്കിയ ഉടമ്പടി എന്തെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഗള്‍ഫ് ഓഫ് ഏദനില്‍ വെച്ച് രണ്ടു മാസം മുന്‍പാണ് ഈ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ പിടിയില്‍ ആയത്. കപ്പല്‍ തൊഴിലാളികളുടെ ദേശീയ സംഘടനയുടെ ചെയര്‍മാന്‍ അബ്ദുള്‍ ഗാനിയാണ് കപ്പല്‍ വിട്ടു കിട്ടിയ കാര്യം അറിയിച്ചത്. കപ്പല്‍ വിട്ടു കിട്ടുവാനായി നടത്തിയ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവിക സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അപകട മേഖലയില്‍ നിന്നും കപ്പലിനെ സുരക്ഷിതമായ താവളത്തിലേക്ക് ഉടന്‍ മാറ്റും. മോചനദ്രവ്യം തീര്‍ച്ചയായും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഈ തുക എത്രയാണ് എന്ന് വെളിപ്പെടുത്താന്‍ ആവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കപ്പലിലെ നാവികര്‍ അഞ്ചു ദിവസത്തിനകം മുംബയില്‍ തിരിച്ചെത്തും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യാജ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

August 21st, 2008

അബുദാബിയില്‍ നടന്ന റെയ്ഡില്‍ 3000 വ്യാജ മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. 50 ഷോപ്പുകളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കു കയായിരുന്നു. നിയമ ലംഘകര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുമ്പോള്‍ സൂക്ഷിക്കുക

August 20th, 2008

റിപ്പയര്‍ ചെയ്യാന്‍ കൊണ്ടു വന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും കോപ്പി ചെയ്ത മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ സൗദിയിലെ ത്വാഇഫില്‍ പിടിയിലായി. മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പിന്നീട് സ്ത്രീകളായ ഉപഭോക്താക്കളെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുകയും പകര്‍ത്തിയ ചിത്രങ്ങള്‍ വില്‍പ്പന നടത്തുക യുമായിരുന്നു ഇയാളുടെ തൊഴില്‍. ഇത് ശ്രദ്ധയില്‍ പെട്ട ഒരു സ്ത്രീ സൗദി മതകാര്യ വകുപ്പില്‍ പരാതിപ്പെട്ടത് അനുസരിച്ചാണ് വിദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഇത്തരത്തിലുള്ള ആയിര ക്കണക്കിന് ചിത്രങ്ങള്‍ കണ്ടെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബ്ബാസിയയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു

August 17th, 2008

കുവൈറ്റില്‍ മലയാളികള്‍ തിങ്ങി താമസിക്കുന്ന അബ്ബാസിയ മേഖലയില്‍ വഴി യാത്രക്കാരിയായ സ്ത്രീയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം നടന്നു. ഒരു ജീപ്പില്‍ എത്തിയ അറബ് വംശജരുടെ സംഘമാണ് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ നിലത്ത് വീണ സ്ത്രീയുടെ തോളെല്ലിന് പരിക്കേറ്റു. സമീപ വാസികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ അവര്‍ വന്ന വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ക്ഷുഭിതരായ സമീപ വാസികള്‍ വാഹനം തല്ലി ത്തകര്‍ത്തു. അബ്ബാസിയ മേഖലയില്‍ ഇത്തരത്തിലുള്ള മോഷണ ശ്രമങ്ങള്‍ വര്‍ധിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 1910171819

« Previous Page« Previous « ശമ്പള കുടിശിക: കമ്പനികള്‍ക്ക് എതിരേ നടപടി
Next »Next Page » കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു »



  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine