ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വ്യാജ മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിച്ചു. തരം താണ ബാറ്ററികളും മറ്റും ഉപയോഗിക്കുന്ന ഇവ ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ ഇടയുള്ള ടൈം ബോംബുകളാണ് എന്ന സുരക്ഷാ കാരണമാണ് ഈ ഫോണുകള്‍ക്കെതിരെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് എങ്കിലും വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ഉള്‍പ്പടെയുള്ള കമ്പനികള്‍ അംഗമായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്ന് കരുതപ്പെടുന്നു.
ആയിരം രൂപയില്‍ താഴെ മാത്രം ഉല്‍പ്പാദന ചിലവു വരുന്ന ഫോണുകള്‍ പത്തിരട്ടി വിലക്കാണ് വന്‍കിട കമ്പനികള്‍ വിറ്റഴിക്കുന്നത്. പരസ്യങ്ങളോ മറ്റ് അധിക ചിലവുകളോ ഇല്ലാതെ വിപണിയില്‍ ഇറങ്ങുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാവുകയും ചെയ്യുന്നു.
ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം ചൈനയില്‍ നിന്നും 50 ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ ആണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇതില്‍ 15 ലക്ഷത്തോളം ഫോണുകള്‍ ഇത്തരത്തിലുള്ള വ്യാജ ഫോണുകള്‍ ആണെന്ന് ഇവര്‍ ആരോപിക്കുന്നു.
സെല്ലുലാര്‍ ഫോണുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന IMEI (International Mobile Equipment Identity) നമ്പര്‍ ഇല്ലാത്ത ഇത്തരം ഫോണുകള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് മൂലം ഇവയില്‍ നിന്നും വിളിക്കുന്ന കോളുകള്‍ തിരിച്ചറിയാന്‍ കഴിയാത്തത് ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. മുംബൈ ഭീകര ആക്രമണത്തിന് ഇത്തരം ചൈനീസ് ഫോണുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
*#06# എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ IMEI നമ്പര്‍ സ്ക്രീനില്‍ തെളിഞ്ഞു വരും. ഇത്തരം നമ്പറുകള്‍ ഇല്ലാത്തതോ അഥവാ ഈ നമ്പര്‍ പൂജ്യം എന്നു കാണിക്കുന്നതോ ആയ ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം, സാങ്കേതികം