ന്യൂഡെല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവ് യാസിന്‍ ഭട്കലിനെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. അറസ്റ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ സ്ഥിതീകരിച്ചു എങ്കിലും ഏതു ഏജന്‍സിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല. അഞ്ചുവര്‍ഷമായി വിവിധ അന്വേഷണ ഏജന്‍സികള്‍ ഈ ഭീകരനെ പിടികൂടുവാനായി ശ്രമിച്ചു വരികയായിരുന്നു. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത.
കൊടും ഭീകരനായ ഭട്കല്‍ കര്‍ണ്ണാടക സ്വദേശിയാണ്. 31 കാരനായ ഇയാളുടെ യദാഥ പേര് അഹമ്മദ് സരാര്‍ സിദ്ധിബാപ്പ എന്നാണ്. നിരവധി സ്ഫോടനക്കേസില്‍ പ്രതിയായ ഭട്കല്‍ ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് തോക്ക് ഉപയോഗിക്കല്‍,ബോബ് നിര്‍മ്മാണം, നുഴഞ്ഞു കയറ്റം തുടങ്ങിയവയില്‍ പരിശീനം നല്‍കുന്നതില്‍ ഇയാള്‍ നിഷ്കര്‍ഷ പാലിച്ചിരുന്നു. മിതഭാഷിയായ ഭട്കല്‍ പോലീസിനു പിടികൊടുക്കാതിരിക്കുവാന്‍ മൊബൈല്‍ ഫോണ്‍, ഈ മെയില്‍ തുടങ്ങിയവ അധികം ഉപയോഗിക്കാറില്ല എന്ന് പറയപ്പെടുന്നു. ഇന്ത്യക്ക് വെളിയില്‍ നിന്നും ഭീകര പരിശീലനം നേടുകയും നിരവധി ഭീകര സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും കരുതുന്നു.
പൂനൈ ജര്‍മ്മന്‍ ബേക്കറി സ്ഫോടന സ്ഥലത്തെ സി.സി.ദൃശ്യങ്ങളില്‍ ഇയാള്‍ ഉണ്ട്. ഡെല്‍ഹി ഹൈക്കോടതി സ്ഫോടനം, ബാംഗ്ലൂരു ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം എന്നിവയിലും ഇയാള്‍ക്ക് പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. ഭട്കലിന്റെ അറസ്റ്റോടെ മറ്റു പല സ്ഫോടനങ്ങളുമായും ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും എന്നാണ് കരുതുന്നത്.
- എസ്. കുമാര്‍