ന്യൂഡൽഹി : ഡൽഹിയിൽ ബസിൽ വെച്ചു പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തെ തുടർന്ന് രാഷ്ട്രപതി ഭവനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഇന്ത്യൻ സമൂഹത്തിന്റെ വർഗ്ഗ ബോധത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് പ്രശസ്ത എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. ബലാൽസംഗത്തിന് ഇരയായത് ഒരു മദ്ധ്യവർഗ്ഗ പെൺകുട്ടിയും പ്രതികൾ ദരിദ്രരും ആയതാണ് ഈ കേസ് ഇത്രയധികം പ്രതിഷേധത്തിന് കാരണമാവാൻ സഹായിച്ചത്. ഒരു പച്ചക്കറി വിൽപ്പനക്കാരനും ബസ് ഡ്രൈവറും മറ്റും ഒരു മദ്ധ്യ വർഗ്ഗ പെൺകുട്ടിയെ ആക്രമിച്ചപ്പോൾ പുറത്തു വന്ന വർഗ്ഗ ബോധമാണ് ഇവിടെ കണ്ടത്. തങ്ങളിൽ ഒരാൾക്ക് വേണ്ടിയുള്ള പോരാട്ടം.
ബലാൽസംഗങ്ങൾ ഉപരിവർഗ്ഗം അധിനിവേശത്തിനും അടിച്ചമർത്തലിനുമുള്ള ആയുധമായി എന്നും ഉപയോഗിച്ചു വരുന്ന നാടാണ് ഇന്ത്യ. മേൽ ജാതിക്കാരോ, പട്ടാളമോ പോലീസോ അടിച്ചമർത്താനും അടിച്ചൊതുക്കാനുമായി ബലാൽസംഗത്തെ ഒരായുധമാക്കി മാറ്റുമ്പോൾ ഇവർക്ക് ശിക്ഷ ലഭിക്കുന്നേയില്ല.
ഇപ്പോൾ നടന്ന പ്രക്ഷോഭം കൊണ്ട് ഒരു പക്ഷെ കൂടുതൽ കർശനമായ നിയമ വ്യവസ്ഥകൾ ഉണ്ടായി വന്നേക്കാം. എന്നാൽ ഇതിന്റെ ഗുണം മദ്ധ്യ വർഗ്ഗ സ്ത്രീക്ക് മാത്രമാണ് ലഭിക്കുക. അധിനിവേശത്തിനായി ബലാൽസംഗം ഉപയോഗിക്കുന്ന സ്ഥിതിവിശേഷത്തിൽ ഇത്തരം പുതിയ നിയമങ്ങൾക്ക് പ്രസക്തിയില്ല. ഉള്ള നിയമങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്. പോലീസുകാർ തന്നെ വീടുകൾ തീ വെച്ച് നശിപ്പിക്കുകയും കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്യുമ്പോൾ എങ്ങനെ നിയമവും നീതിയും നടപ്പിലാകും – അരുന്ധതി ചോദിച്ചു. ഇത്തരത്തിൽ പീഢിപ്പിക്കപ്പെട്ട എത്രയോ സ്ത്രീകളുടെ സാക്ഷ്യം താൻ കേട്ടിട്ടുണ്ട്. ഛത്തീസ്ഗഢിലും, കാശ്മീരിലും, മണിപ്പൂരിലും മറ്റും സൈന്യവും പോലീസും അടിച്ചമർത്തലിനുള്ള ആയുധമായാണ് ബലാൽസംഗത്തെ ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ അക്രമികളെ സംരക്ഷിക്കുവാനുള്ള പ്രത്യേകാധികാര നിയമങ്ങളും നിലവിലുണ്ട്.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം അക്രമങ്ങൾക്ക് ഭ്രാന്തമായ ഒരു മാനം കൈവന്നിരിക്കുകയാണ്. ജന്മിത്വം നില നിന്നിരുന്ന കാലം മുതൽ ഇത്തരം അക്രമങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇന്ന് ധനികരുടെ പ്രവർത്തികളും ചെയ്തികളും ജീവിത ശൈലിയും ടെലിവിഷൻ പോലുള്ള മാദ്ധ്യമങ്ങൾ വഴി പൊതുജന സമക്ഷം എത്തിനിൽക്കുമ്പോൾ വല്ലാത്തൊരു അരിശമാണ് ഇരു വർഗ്ഗങ്ങൾക്കുമിടയിൽ വളർന്നു വരുന്നത്. കോപാന്ധമായ ഈ ഭ്രാന്തിന് ഇരകളാകുന്നത് സ്ത്രീകളും. പ്രത്യേകിച്ച് ഇപ്പോൾ ആക്രമിക്കപ്പെട്ട പോലുള്ള നഗര വാസികളായ പെൺകുട്ടികൾ ഈ ഹിംസാത്മകതയ്ക്ക് വളരെ എളുപ്പം ഇരകളാകുവാൻ സാദ്ധ്യത ഉള്ള സാഹചര്യമാണ് ഉള്ളത് എന്നും അരുന്ധതി റോയ് പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, സ്ത്രീ