ന്യൂഡല്‍ഹി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തുന്ന സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റുമാരുമായി ചര്‍ച്ച നടത്തി. സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 300 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. കോടികളുടെ നഷ്ടമാണ് ഇത് മൂലം എയര്‍ ഇന്ത്യക്ക് വന്നത്.
ശമ്പളവര്‍ധന, എയര്‍ഇന്ത്യയുടെ ദുര്‍ഭരണം, അഴിമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം, എയര്‍ഇന്ത്യ സി.എം.ഡി. അരവിന്ദ് ജാദവിനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന പൈലറ്റുമാര്‍ മുന്നോട്ടുവെച്ചത്. സമരത്തെ തുടര്‍ന്നു പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇത് പിന്‍വലിക്കുവാനും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്നലെ രാത്രി തന്നെ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ചു.
- ലിജി അരുണ്‍