ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു 11 പേര്‍ മരിച്ചു. മരിച്ചവരില്‍ മുവാറ്റുപുഴ വാഴക്കുളം സ്വദേശി സിറില്‍ പി.ജോയി എന്ന മലയാളി നേഴ്സും ഉണ്ട്. അഞ്ചുവര്‍ഷമായി അപ്പോളോ ആശുപത്രിയില്‍ നഴ്‌സാണ് സിറില്‍.
എട്ടു പേരുണ്ടായിരുന്ന വിമാനം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സെക്‌ടര്‍ 23ലെ പര്‍വതീയ കോളനിയിലെ രണ്ടു വീടുകള്‍ക്കു മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും വീടുകളിലുണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു.
പട്നയില്‍ നിന്ന് വൃക്കത്തകരാറിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുമായി ദില്ലി അപ്പോളൊ ആശുപത്രിയിലേയ്ക് വരുകയായിരുന്നു വിമാനം. പൈപ്പര്‍ – 750 ബോയിങ് വിഭാഗത്തില്‍പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ക്യാപ്‌റ്റന്‍ ഹര്‍പ്രീത്, കോ- പൈലറ്റ് മന്‍ജീത്, ഡോക്‌ടര്‍മാരായ അര്‍ഷഭ്, രാജേഷ്, നഴ്‌സുമാരായ സിറില്‍, രത്നീഷ് എന്നിവരും രോഗിയുടെ ബന്ധുവുമാണ് ഉണ്ടായിരുന്നത്.
അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ശക്തമായ പൊടിക്കാറ്റാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ മരിച്ച സ്ഥലവാസികളായ മൂന്നുപേരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സാമ്പത്തിക സഹായം ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
- ലിജി അരുണ്‍