സൌദി അറേബ്യയിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കൊച്ചി വിമാന താവളത്തില്‍ ഏറെ സമയം പരിഭ്രാന്തി പടര്‍ത്തി. സൌദി എയര്‍ലൈന്‍സിന്റെ ജെദ്ദയിലെ ഓഫീസില്‍ നിന്നാണ് വ്യോമ ഗതാഗത ബ്യൂറോക്ക് ഈ അജ്ഞാത ബോംബ് ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനങ്ങളും വിമാന താവളവും വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിനാണോ ഭീഷണി എന്ന കാര്യം വ്യക്തമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാന താവളങ്ങള്‍ക്ക് മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
വെള്ളിയാഴ്ച രാത്രി മുതല്‍ കൊച്ചി വിമാന താവളവും പരിസരവും അതീവ ജാഗ്രതയിലാണ്. വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൂടുതല്‍ കേന്ദ്ര സുരക്ഷാ സേനയേയും പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. വിമാന താവളത്തിലൂടെ വിദേശത്തേക്ക് പോവുന്ന എല്ലാവരേയും, പ്രത്യേകിച്ച് സൌദി അറേബ്യയിലേക്ക് പോവുന്ന യാത്രക്കാരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിമാനം