ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ എല്ലാ പാക്കിസ്ഥാനി പൗരന്മാര്‍ക്കും ഇന്ത്യക്കെതിരെ ജിഹാദ് ബാധകമാക്കിയിരിക്കുന്നു എന്ന് പാക്കിസ്ഥാനിലെ മത നേതാക്കള്‍ ഫത്‌വ ഇറക്കി. ലാഹോറില്‍ തിങ്കളാഴ്ച നടന്ന മത നേതാക്കളുടെ സമ്മേളനത്തില്‍ ആണ് ഈ ഫത്‌വ പുറപ്പെടുവിച്ചത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുവാന്‍ ഇടയായാല്‍ ഉണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി കേന്ദ്ര മന്ത്രി നൂറുള്‍ ഹഖ് ഖദ്രിയുടെ അധ്യക്ഷതയില്‍ ആണ് പ്രസ്തുത യോഗം നടന്നത്. പാക്കിസ്ഥാനെ കുറ്റവാളിയായി ചിത്രീകരിക്കുവാന്‍ ഇന്ത്യ നടത്തുന്ന ഗൂഢാലോചന ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടണം എന്നും സമ്മേളനത്തില്‍ മത നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ട് മടക്കരുത്. പാക്കിസ്ഥാന്‍ ആണവ ശക്തി സംഭരിച്ചത് ഇത്തരം വിദേശ ആക്രമണത്തെ ചെറുക്കുവാന്‍ വേണ്ടി മാത്രമാണ്. മത നേതാക്കള്‍ക്ക് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.
മുംബൈ ആക്രമണം ഈ പ്രദേശത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി അമേരിക്കയും ഇന്ത്യയും ചേര്‍ന്നു നടത്തിയ നാടകമാണ് എന്ന് ജമാ അത്തെ ഇസ്ലാമി പാസ്സാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരും എന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ പ്രദേശത്ത് ആണവ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ഇന്ത്യ കാരണക്കാരാവുകയും ചെയ്യും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധവും ഹീനവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഹിന്ദു മുസ്ലീം വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുകയും മത വൈരം ആളി കത്തിക്കുകയും ചെയ്യുകയാണ് എന്നും പ്രമേയം കുറ്റപ്പെടുത്തി.



വിശ്വ ഹിന്ദു പരിഷദ് നേതാവ് ലക്ഷ്മണാനന്ദ സരസ്വതി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒറീസ്സയില്‍ നടന്ന ബന്ദിനിടയില്‍ വര്‍ഗ്ഗീയ കലാപകാരികളാല്‍ മാന ഭംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. ഇരുപത്തി ഒന്‍പത് കാരിയായ കത്തോലിക്ക സന്യാസിനിയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നാണ് ഒറീസ്സയിലെ കന്ധമാലില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്തോളം പേര്‍ക്ക് പുറമെ എണ്‍പത് പേര്‍ വേറെയും ഉണ്ടായിരുന്നു പരേഡില്‍. ഇവരില്‍ നിന്നാണ് തന്നെ ആക്രമിച്ച രണ്ടു പേരെ ഇവര്‍ തിരിച്ചറിഞ്ഞത്. ശനിയാഴ്ച നടത്തുവാനിരുന്ന പരേഡ് മാധ്യമ ശ്രദ്ധ ഒഴിവാക്കുവാന്‍ വേണ്ടിയാണ് തിങ്കളാഴ്ച നടത്തിയത് എന്ന് പോലീസ് അറിയിച്ചു.
ഒരാഴ്ച നീണ്ടു നിന്ന വ്യോമ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ കര സേന ഗാസയില്‍ ആക്രമണം തുടങ്ങി. ഇതു വരെ പന്ത്രണ്ടോളം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്‌ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബരാക് അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. എത്ര കഷ്ട്ടപ്പെട്ടായാലും തങ്ങള്‍ ഹമാസിന്റെ യുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും. എത്ര സൈനികര്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടാലും ശരി തങ്ങളുടെ ലക്‌ഷ്യം കാണുന്നത് വരെ യുദ്ധം തുടരും. എന്നാലേ ദക്ഷിണ ഇസ്രയേലിലെ ജനങ്ങള്‍ക്ക് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവൂ. എന്നാല്‍ ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവ പറമ്പ് ആയിരിക്കും എന്ന് ഇതിന് മറുപടിയായി ഹമാസ് വക്താവ് അറിയിച്ചു. ഗാസ ഒരിക്കലും ഇസ്രായേലിനു പൂക്കള്‍ വിരിച്ച പരവതാനി ആയിരിക്കുകയില്ല. മറിച്ച് തീയും നരകവും ആയിരിക്കും എന്നും ഹമാസ് മുന്നറിയിപ്പ് നല്കി.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഇന്ത്യ ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തി വെച്ച് സമാധാന പ്രക്രിയ പുനരാരംഭിക്കണം എന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ നടത്തിയ അടിയന്തര സഹായ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ ഒരു കോടി ഡോളറിന്റെ ധന സഹായം നല്‍കുന്നത്. ഈ തുക ആക്രമണത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, ധന സഹായം, അത്യാവശ്യം വീട്ട് സാമഗ്രികള്‍ എന്നിവ വാങ്ങിക്കുവാന്‍ ഉപയോഗിക്കും. അടിയന്തിരമായി യുദ്ധം അവസാനിപ്പിച്ചു സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണം. ഇത് സമാധാന പ്രക്രിയ പുനരാരംഭിക്കുവാന്‍ സഹായിക്കും. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നത്.
























