ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ഈജിപ്ത് പ്രസിഡന്റ് ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക്ക് ഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യയുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളെ തുടര്‍ന്ന് ഈജിപ്തുമായുള്ള വ്യാപാര സാമ്പത്തിക ബന്ധങ്ങള്‍ ഏറെ ശക്തിപ്പെടും എന്ന് പ്രതീക്ഷിക്കപെടുന്നു. ഒട്ടനവധി ഉഭയകക്ഷി കരാറുകളും ഈ സന്ദര്‍ശന വേളയില്‍ ഒപ്പിട്ടേക്കും എന്നാണ് സൂചന. ഇതില്‍ ഈജിപ്തും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറും ഉള്‍പ്പെടും.
ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന ഇന്ത്യയും ഈജിപ്തും ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ഈ സന്ദര്‍ശനം ഉപകരിക്കും എന്ന് കരുതപ്പെടുന്നു.