രാജ്യത്തിന്റെ സുരക്ഷക്കായി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തിരുവനന്തപുരത്ത് സ്ഥാപിക്കണം എന്ന് മുന്‍ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരന്മാരെ ആദരിക്കാന്‍ കേരളം എന്തെങ്കിലും ചെയ്യണം. രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കുന്ന ഒരു കെടാ നാളം ആവാം അത് എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് ഭൂതകാല സ്മരണ മാത്രമല്ല, ഭാവിയെ നാം എങ്ങനെ നേരിടണം എന്നതിനൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മുംബയില്‍ നടന്ന ദാരുണമായ സംഭവങ്ങള്‍ ദേശ രക്ഷയും സുരക്ഷയും കക്ഷി രാഷ്ട്രീയത്തിനും മുകളിലാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭീകര ആക്രമണത്തിന് എതിരെ നടത്തിയ ഓപ്പറേഷന്റെ പാളിച്ചകളെ പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. എന്നാല്‍ നമ്മുടെ സൈന്യത്തെ ആധുനീകരിക്കേണ്ടത് ആവശ്യമാണ്. ഭീകര വാദത്തെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയും വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



മുംബൈ : ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നഷ്ട പരിഹാര തുകയില്‍ നിന്ന് തനിക്ക് ഒന്നും വേണ്ടെന്ന് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ വിധവ കവിത കര്‍ക്കരെ അറിയിച്ചു. മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു ഹേമന്ത്. കര്‍ക്കരെയുടെ അന്വേഷണത്തില്‍ അതൃപ്തിയും സംശയവും പരസ്യമായി രേഖപ്പെടുത്തിയ ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല. മഹാരാഷ്ട്രാ മുഖ്യ മന്ത്രി വിലാസ് റാവു ദേശ്‌മുഖിനു മുന്‍പേ ഭീകര ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രശ്നം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രാ മുഖ്യ മന്ത്രിയേയും പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനേയും വിമര്‍ശിച്ചു സംസാരിച്ച മോഡി ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിന് ചുട്ട മറുപടിയായി ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചത്. തനിക്ക് മോഡിയുടെ സഹായ ധനവും വേണ്ട എന്ന് കവിത അറിയിച്ചു.
മുംബൈ : മുംബൈയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ച ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനകള്‍ അങ്ങേയറ്റം അപലപനീയമാണ് എന്ന് വിലാസ് റാവു ദേശ് മുഖ് അഭിപ്രായപ്പെട്ടു. സംഭവം സ്ഥലം സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ച്ച തന്നെ മാത്രം അനുവദിച്ചില്ല എന്ന് മോഡി പറഞ്ഞത് ശരിയല്ല. പ്രധാന മന്ത്രി അടക്കം പലരേയും സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയിരുന്നു. തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച പ്രധാന മന്ത്രി സംഭവം സ്ഥലം സന്ദര്‍ശിക്കുന്നതിനു പകരം ജെ. ജെ. ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയാണ് ചെയ്തത്.
ഭീകരരുടെ വെടിയേറ്റ ഒരു സഹ പ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ദേശം കണ്ണീരില്‍ കുതിര്‍ന്ന അന്ത്യോ പചാരങ്ങള്‍ അര്‍പ്പിച്ചു. ബാംഗ്ലൂരിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ അനേകാ യിരങ്ങളാണ് എത്തിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ പുഷ്പ ചക്രം അര്‍പ്പിച്ചു.
താജ് പാലസ് ഹോട്ടലിലെ ഭീകരവാദികളെ തുരത്തുവാനുള്ള ദേശീയ സുരക്ഷാ സേനയുടെ പ്രത്യേക ദൌത്യമായ ഓപ്പറേഷന്‍ സൈക്ലോണ്‍ അവസാനിച്ചു. ഇതോടെ 62 മണിക്കൂര്‍ നീണ്ടു നിന്ന ഭീകര വാദികളുടെ ഹോട്ടല്‍ നിയന്ത്രണം പൂര്‍ണ്ണമായി ഇല്ലാതായി. ഇന്ന് രാവിലെ നടന്ന അവസാന യുദ്ധത്തില്‍ സുരക്ഷാ സൈനികര്‍ മൂന്ന് തീവ്രവാദികളെ കൂടി താജില്‍ വച്ച് കൊലപ്പെടുത്തി. എന്നാല്‍ താജില്‍ ഇനിയും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് സൈനികര്‍ പരിശോധിച്ചു വരികയാണ് എന്ന് ദേശീയ സുരക്ഷാ സേനയുടെ മേധാവി ജെ. കെ. ദത്ത് അറിയിച്ചു. ഗ്രെനേഡുകളും എ. കെ. 47 തോക്കുകളും തീവ്രവാദികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
























