പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ ജല്‍പെയ്ഗുരി ജില്ലയില്‍ ബിന്നാഗുരിയില്‍ ചരക്കു തീവണ്ടിയിടിച്ച് ഏഴ് കാട്ടാനകള്‍ കൊല്ലപ്പെട്ടു. റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ട ത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ച് ആനകള്‍ ഉടനെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ആനകള്‍ വ്യാഴാഴ്ച രാവിലെയാണ് ചരിഞ്ഞത്. പരിക്കുകളോടെ ഒരാന രക്ഷപ്പെട്ടു.
ആനത്താരയിലൂടെ കടന്നു പോകുന്ന ഈ റെയില്‍ പാളത്തില്‍ മുമ്പും അപകടം ഉണ്ടായിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് ട്രെയിനിടിച്ച് മറ്റൊരു കാട്ടാന കൊല്ലപ്പെട്ടിരുന്നു. ട്രെയിനുകളുടെ വേഗത കുറയ്ക്കണം എന്ന് നിരവധി തവണ വനം വകുപ്പ് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടതാണ്. ബുധനാഴ്ചത്തെ അപകടത്തിന്റെ ആഘാതം ഇത്രയും കൂടുവാന്‍ കാരണം ട്രെയിനിന്റെ അമിത വേഗതായായിരുന്നു. കൂടിയ വേഗതയില്‍ വന്ന വണ്ടിക്ക് ആനക്കൂട്ടത്തെ കണ്ടപ്പോള്‍ പെട്ടെന്ന് നിര്‍ത്തുവാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പെട്ട ഒരു ആനയെ 200 മീറ്ററോളം വലിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. റെയില്‍വേ യ്ക്കെതിരെ വന്യ മൃഗ സംരക്ഷണ നിയമം അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ കുറേ നേരത്തേക്ക് തീവണ്ടി ഗതാഗതം നിര്‍ത്തി വെച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് ആനകളുടെ ശരീരാവശിഷ്ടങ്ങള്‍ ട്രാക്കില്‍ നിന്നും നീക്കിയത്.