ന്യൂഡല്‍ഹി: ഒക്ടോബര്‍ 4 ദേശീയ ആന ദിനമായി ആചരിക്കുന്നു. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഏഷ്യന്‍ ആനകളുടെ ഉപവിഭാഗമായി കണക്കാക്കുന്ന ഇന്ത്യന്‍ ആനകള്‍ കേരളം, ബീഹാര്‍, ആസ്സാം, കര്‍ണ്ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‍. കേരളമൊഴികെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ സംസ്ഥാന മൃഗവും ഇന്ത്യയില്‍ തന്നെ ആനകളുടെ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളം ആന ദിനം വേണ്ട ഗൌരവത്തോടെ ആചരിക്കുന്നില്ല. ഉത്സവങ്ങളുടെ ഭാഗമായി ആനയെ ധാരാളമായി ഉപയോഗിക്കുന്ന കേരളം ആന സംരക്ഷണത്തിനായി പ്രൊജക്ട് എലിഫന്റ് വഴിയുള്ള ദേശീയ ഫണ്ട് വര്‍ഷങ്ങളായി പാഴാക്കുകയുമാണ്. 1996 – 98 കാലയളവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയുടെ കണക്ക് കാണിക്കാത്തതും കൃത്യസമയത്ത് അപേക്ഷകളും റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കാത്തതുമാണ് ഫണ്ട് ലഭിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടകവും തമിഴ്‌നാടും വലിയ തോതില്‍ പദ്ധതിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. തമിഴ്‌നാടാണ് ആന സംരക്ഷണവുമായി ബന്ധപ്പെട്ട് നാല്പതു ദിവസത്തില്‍ അധികം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നത്.
മന്ത്രി ഗണേശ് കുമാര്‍ ചുമതലയേറ്റെടുത്ത ശേഷം വനം വകുപ്പ് കേരളത്തിലെ നാട്ടാനകളുടെ ഡാറ്റകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഏകദേശം അറുനൂറിനു താഴെ നാട്ടാനകളാണ് കേരളത്തില്‍ ഉള്ളത്. കേരളത്തില്‍ തന്നെ മൂന്ന് നാല് വിഭാഗം ആനകള്‍ ഉണ്ട്. കേരള – കര്‍ണ്ണാടക – തമിഴ്‌നാട് വനങ്ങളില്‍ നിന്നും പിടിച്ച നാടന്‍ ആനകള്‍ എന്നറിയപ്പെടുന്നവയും ബീഹാര്‍ ഉത്തര്‍പ്രദേശ് ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയും ഇവയെ കൂടാതെ ആൻഡമാന്‍ ദ്വീപില്‍ നിന്നും കൊണ്ടു വന്ന ആനകളും ഉണ്ട്.
ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ആന ബീഹാറില്‍ നിന്നും കൊണ്ടു വന്ന തൃശ്ശൂര്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം വക രാമചന്ദ്രന്‍ (314 സെ.മീ.) ആണ്. അസ്സാമില്‍ നിന്നും വന്ന ആനകളില്‍ പുതുപ്പള്ളി കേശവനും (308 സെ. മീ.) യും പാമ്പാടി രാജനും (307 സെ. മീ.) ആണ് നാടന്‍ ആനകളില്‍ ഏറ്റവും ഉയരം ഉള്ളത്.