കൊല്‍ക്കത്ത: അടുത്തിടെ ചരക്ക് തീവണ്ടി ഇടിച്ച് ഏഴു ആനകള്‍ ചരിഞ്ഞ പശ്ചിമ ബംഗാളിലെ ജല്പൈഗുരി മേഖലയില്‍ കാട്ടന സംരക്ഷണത്തിനായി ഏഴു കോടി രൂപ അനുവദിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി. ഇവിടെ നിരീക്ഷണ ടവറുകള്‍, കമ്പി വേലികള്‍, കിടങ്ങുകള്‍ തുടങ്ങിയവ സ്ഥാപിക്കുവാന്‍ ആയിരിക്കും ഈ തുക ചിലവിടുക. കൂടാതെ ഇവിടെ കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെയും നിയോഗിക്കും. ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ വേഗത കുറയ്ക്കുവാന്‍ വെണ്ട നടപടിയെടുക്കുവാന്‍ റെയില്‍വേ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
സെപ്റ്റംബര്‍ ഇരുപത്തി രണ്ടാം തിയതി രാത്രിയില്‍ റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ വന്ന ചരക്കു തീവണ്ടി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ഏഴ് ആനകള്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം