ന്യൂഡല്‍ഹി : ഇന്ന് വൈകീട്ട് രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. എന്നാല്‍ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് ഒരു കാലത്ത് ഇന്ത്യയെ അത്ലറ്റിക്സ് രംഗത്ത് അഭിമാനം കൊള്ളിച്ച ഇന്ത്യ കണ്ട ഏറ്റവും നല്ല കായിക താരങ്ങളില്‍ ഒരാളായ സ്പ്രിന്റ് റാണി പി. ടി. ഉഷയെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ക്ഷണിക്കാതെ സംഘാടകര്‍ അപമാനിച്ചതായി ആരോപണം ഉയര്‍ന്നു. താന്‍ ഉള്‍പ്പെടെ ഒട്ടേറെ കായിക താരങ്ങള്‍ക്കും സംഘാടകരുടെ ക്ഷണപത്രം ലഭിച്ചില്ല എന്ന് പി. ടി. ഉഷ വെളിപ്പെടുത്തി. ഇന്ത്യയുടെ അഭിമാനമായിരുന്ന മറ്റു നിരവധി കായിക താരങ്ങളുടെയും കാര്യത്തിനു താന്‍ സംഘാടകര്‍ക്ക് ഈമെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ ഇതെല്ലാം അവഗണിച്ചു എന്നും ഉഷ പറഞ്ഞു.
ഗെയിംസില്‍ പങ്കെടുക്കുന്ന അത്ലറ്റ് ടിന്റു ലുക്ക യുടെ കോച്ചായി ഉഷ വരുന്നുണ്ട് എന്നത് കൊണ്ടാണ് പ്രത്യേക ക്ഷണപത്രം അയക്കാഞ്ഞത് എന്നാണു അധികൃതരുടെ വിശദീകരണം. എന്നാല്‍ ക്ഷണം കിട്ടാത്ത മറ്റു കായിക താരങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ക്ക് മറുപടി ഒന്നുമില്ല.
ഒളിമ്പിക്സ് ഫൈനലില്‍ ആദ്യമായെത്തിയ ഇന്ത്യന്‍ വനിതയാണ് പയ്യോളി എക്സ്പ്രസ് എന്ന് അറിയപ്പെടുന്ന പി. ടി. ഉഷ. 101 അന്താരാഷ്‌ട്ര മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഉഷയ്ക്ക് രാഷ്ട്രം അര്‍ജുന അവാര്‍ഡും പത്മശ്രീ ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്.
- ജെ.എസ്.