ന്യൂഡല്‍ഹി : വളരെയധികം ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതി ശബ്ദ വോട്ടോടെ തള്ളി, പാര്‍ലമെന്റ് ഇരു സഭകളിലും പാസ്സായ വഖഫ് നിയമ ഭേദഗതി ബിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പു വെച്ചു. ഇതോടെ നിയമം വിജ്ഞാപനം ചെയ്തു കൊണ്ട് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.
പ്രതിപക്ഷ കക്ഷികളുടെ അതിശക്തമായ പ്രതിഷേധം വകവെക്കാതെയാണ് വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാന രൂപം മാറ്റുന്ന ‘വഖഫ് ഭേദഗതി ബില്‍-2025’ ബി. ജെ. പി. നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ലോക് സഭയില്‍ പാസ്സാക്കിയത്.
രാജ്യ സഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. കേന്ദ്ര സർക്കാർ അനുവദിച്ച 8 മണിക്കൂർ ചർച്ചാ സമയം മറി കടന്നു 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകൾക്ക് ഒടുവിലാണ് രാജ്യ സഭയില്‍ ബില്‍ പാസ്സായത്.
വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മുസ്‌ലിം ലീഗിൻറെ അഞ്ച് എം. പി. മാര്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു.
മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നു എന്നും മത ന്യൂന പക്ഷങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചന പരമായിട്ടുള്ള ഇടപെടൽ ആണ് വഖഫ് നിയമ ഭേദഗതി ബിൽ എന്നും വ്യക്തമാക്കിയാണ് ലോക് സഭയിലെ ലീഗിൻറെ രണ്ട് എം. പി. മാരും രാജ്യ സഭയിലെ മൂന്ന് എം. പി. മാരും കത്തയച്ചത്. ഇതിന് പിന്നാലെയാണ് ബില്‍ നിയമം ആക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് കോൺഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ സുപ്രീം കോടതിയില്‍ വെവ്വേറെ ഹരജികൾ നൽകിയിട്ടുണ്ട്. വഖഫ് നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തമിഴ് നാട് സര്‍ക്കാറും നിയമോപദേശം തേടിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, കോടതി, തമിഴ്നാട്, നിയമം, പ്രതിഷേധം, മതം, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം, സാങ്കേതികം, സുപ്രീംകോടതി, സ്ത്രീ