ഭുവനേശ്വര്‍ : ഒറീസയില്‍ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ “ആന ദിനം” ആചരിച്ചു. ഒക്ടോബര്‍ 2ന് ആരംഭിച്ച “വന്യജീവി വാരം” ആചരണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച “ആന ദിനം” ആചരിച്ചത്. ആനകളുടെ സംരക്ഷണത്തെ കുറിച്ച് ഉള്ള ബോധ വല്‍ക്കരണം ലക്ഷ്യം വെച്ചായിരുന്നു ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെ സന്ദര്‍ശകര്‍ നന്ദന്‍ കാനനില്‍ എത്തി “ആന ദിന” ത്തില്‍ പങ്കെടുത്തു.
ഒരു നൂറ്റാണ്ട് മുന്‍പ് 50,000 ത്തിലേറെ ആനകള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ 2002ല്‍ വെറും 26,400 ആനകള്‍ മാത്രമേ അവശേഷിച്ചുള്ളൂ എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 2005ല്‍ നടന്ന ആദ്യത്തെ സമഗ്രമായ കണക്കെടുപ്പില്‍ ഇത് 21300 ആയി കുറഞ്ഞതായി കണ്ടെത്തി.
സംരക്ഷിത വനങ്ങളിലാണ് ഭൂരിഭാഗം ആനകളും കഴിയുന്നതെങ്കിലും വികസന പ്രവര്‍ത്തനങ്ങളും വന ഭൂമി കയ്യേറ്റവും ഇവയുടെ നിലനില്‍പ്പിന് ഭീഷണി ആവുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം