മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഇന്ന് ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 650 പോയന്റ് വരെ ഇടിഞ്ഞു. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ 247 പോയന്റ് ഇടിഞ്ഞിരുന്നു. മെറ്റല്‍, സിമെന്റ്, ബാങ്കിങ്ങ് ഓഹരികളിലാണ് വലിയ ഇടിവ് പ്രകടമായത്. അമേരിക്കയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാകും എന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ വില്പന സമ്മര്‍ദ്ധം കൂടുകയാണ്. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ വിപണിയായ ഡൌജോണ്‍സ് 500 പോയന്റോളം ഇടിഞ്ഞിരുന്നു. ഇതിനെ പിന്‍ പറ്റി ഏഷ്യന്‍ വിപണികളും താഴേക്ക് പതിച്ചു. സ്വര്ണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് പലരേയും സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുവാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഓഹരി വിപണിയില്‍ ഇനിയും തകര്‍ച്ച തുടര്‍ന്നേക്കാമെന്നാണ് വിദഗ്ദരുടെ പക്ഷം.
ഇന്ത്യന്‍ മുന്‍നിര ഓഹരികളായ ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, എല്‍ ആന്റ് ടി, ടാറ്റാ മോട്ടോഴ്സ് എന്നിവയ്ക്ക് കാര്യമായ ഇടിവ് സംഭവിച്ചു. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ്വ് ബാങ്ക് നടപ്പിലാക്കിയ വര്‍ദ്ധനവിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യന്‍ വിപണി താഴോട്ട് വന്നു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ആഗോള വിപണിയില്‍ ഉണ്ടായ ഇടിവ്. ഇതേ തുടര്‍ന്നുണ്ടായ ആഘാതവും ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ദുര്‍ബലമാക്കി. ഇന്ത്യയിലെ ബാങ്ക് പലിശ നിരക്കുകളില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും എന്ന ഊഹാപോഹം ശക്തമാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവും വിപണിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.