ന്യൂഡല്‍ഹി : പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ അനുമതി ഇല്ലാതെ നാര്‍കോ പരിശോധന, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് ടെസ്റ്റ് എന്നിവ നടത്തുന്നത് മൌലിക അവകാശത്തിന്റെ ലംഘനം ആണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇത് വ്യക്തിയുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നു കയറ്റമാണ് എന്നും കോടതി നിരീക്ഷിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാക്ഷികളുടെയോ പ്രതികളുടെയോ സമ്മതം ഇല്ലാതെ ഇത്തരം പരിശോധനകള്‍ നടത്താന്‍ ആവില്ല. കുറ്റാന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് വ്യാപകമായി കരുതപ്പെ ടുന്നുണ്ടെങ്കിലും വ്യക്തിയുടെ സ്വകാര്യതയും ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് കൊണ്ട് ഈ വിധി ഏറെ സ്വാഗതാര്‍ഹമാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ തീവ്രവാദവും ഭീകര പ്രവര്‍ത്തനവും അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തപ്പെടുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏറെ സഹായകരമാണ് ഇത്തരം പരിശോധനകള്‍. പിടിയിലായ ഒരു ഭീകരനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കി അയാള്‍ എവിടെയാണ് ബോംബ് നിക്ഷേപിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായാല്‍ ആയിര കണക്കിന് നിരപരാധികളായ ആളുകളെ ബോംബ് സ്ഫോടനത്തില്‍ നിന്നും രക്ഷിക്കാനാവും. ഈ ഒരു സാധ്യതയാണ് സുപ്രീം കോടതി വിധിയോടെ ഇന്ത്യയില്‍ ഇല്ലാതാവുന്നത് എന്ന് സുരക്ഷാ വിദഗ്ദ്ധര്‍ ഭയക്കുന്നു.



തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതിനെതിരെ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവില്‍ ഉണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ് ദീപക് വര്‍മ, ജസ്റ്റിസ് ബി. എസ്. ചൌഹാന്‍ എന്നിവര്‍ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. തന്റെ പേരില്‍ നിലവിലുള്ള കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ട് ഖുശ്ബു നല്‍കിയ പരാതി നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കുന്നത് നിയമ വിരുദ്ധമല്ല എന്ന് കേസില്‍ വിധി പ്രസ്താവിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി : വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ് എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
1939 ലെ മുസ്ലിം വിവാഹ മോചന നിയമ പ്രകാരം ബഹു ഭാര്യത്വം സ്ത്രീയ്ക്ക് വിവാഹ മോചനത്തിന് ആവശ്യമായ കാരണം ആവില്ലെങ്കിലും, തന്നെ മറ്റു ഭാര്യമാര്‍ക്ക് സമമായി ഭര്‍ത്താവ് കാണുന്നില്ല എന്ന് സ്ത്രീയ്ക്ക് ബോധ്യപ്പെടുന്ന പക്ഷം, സ്ത്രീയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാം എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. വിവാഹ മോചനത്തിനെതിരെ നല്‍കിയ ഒരു അപ്പീലില്‍ ബുധനാഴ്ച വിധി പറയുകയായിരുന്നു കോടതി. ഒന്നിലേറെ ഭാര്യമാര്‍ ഉള്ള വ്യക്തി എല്ലാ ഭാര്യമാരെയും സമമായി കാണണം എന്നാണ് വി. ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ ഒന്നിലേറെ ഭാര്യമാരെ സമമായി കാണുവാന്‍ സാധ്യമല്ല എന്നും വി. ഖുര്‍ആന്‍ പറയുന്നുണ്ട്. ആ നിലയ്ക്ക്, തന്നെ സമമായി കാണുന്നില്ല എന്ന സ്ത്രീയുടെ മൊഴി കോടതിയ്ക്ക് മുഖവിലയ്ക്ക് എടുക്കാവുന്നതാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ബഹു ഭാര്യത്വത്തിനു നേരത്തെ സമ്മതം മൂളി എന്നതോ, മറ്റു ഭാര്യമാരുമായി കുറെ നാള്‍ സന്തോഷമായി ജീവിച്ചു എന്നതോ, രണ്ടാം ഭാര്യയായാണ് താന്‍ വിവാഹിതയാകുന്നത് എന്നത് നേരത്തെ അറിയാമായിരുന്നു എന്നതോ ഒന്നും വിവാഹ മോചനം തടയാനുള്ള കാരണങ്ങള്‍ ആകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കാര്യാലയം വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അറിയിച്ചു. വിവിധ ഭരണ ഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍, ജഡ്ജിമാര്‍ ക്കെതിരെയുള്ള പരാതികള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചീഫ് ജസ്റ്റിസിന്റെ കാര്യാലയത്തിലെ വിവരങ്ങള്‍ വിവരാവകാശ നിയമം പ്രകാരം വെളിപ്പെടുത്താനാവില്ല. ഉദാഹരണത്തിന്, പല കോടതി വിധികളുടെയും പകര്‍പ്പുകള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മറ്റ് ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ക്കും മറ്റുമായി അയച്ചു കൊടുക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് എങ്ങനെ വെളിപ്പെടുത്താനാവും എന്ന് അദ്ദേഹം ചൂണ്ടി ക്കാണിക്കുന്നു. 
























