ന്യൂഡല്‍ഹി : “എന്നെ കൊന്നോളൂ, പക്ഷെ ഇദ്ദേഹത്തെ ഇങ്ങനെ മര്‍ദ്ദിക്കരുതേ… ” എന്ന നിലവിളി തൊട്ടടുത്ത വീട്ടില്‍ നിന്നും ഉയരുന്നത് ഡല്‍ഹി സ്വരൂപ് നഗറിലെ പലരും കേട്ടതാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആശ – യോഗേഷ് ദമ്പതിമാരെ പോലീസ് കൊല്ലപ്പെട്ട നിലയില്‍ ഇവിടെ നിന്നും കണ്ടെത്തി. തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളാണ് യോഗേഷ് എന്ന് പറഞ്ഞു ആശയുടെ അച്ഛനും അച്ഛന്റെ സഹോദരനും ചേര്‍ന്നാണ് ഇവരെ തല്ലിക്കൊന്നത്. ഇരുവരുടെയും വായില്‍ പഴന്തുണി കുത്തിക്കയറ്റി വെച്ചിരുന്നു. ദേഹമാസകലം മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍. കാലില്‍ വൈദ്യുത ആഘാതം എല്‍പ്പിച്ചതിന്റെ പൊള്ളലുകള്‍. ഇനിയുമൊരു അവസരം ലഭിച്ചാല്‍ തങ്ങള്‍ വീണ്ടും ഇത് തന്നെ ചെയ്യുമെന്നാണ് ആശയുടെ അച്ഛനും അച്ഛന്റെ സഹോദരനും പോലീസിനോട് പറഞ്ഞത്.
സ്വന്തം മക്കളെ, സഹോദരിമാരെ വധിക്കുക, എന്നിട്ട് കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന് ന്യായീകരിക്കുക, ഇതെല്ലാം പുരാണ കഥയല്ല; ഇന്ന് ഇന്ത്യയില്‍ നടന്നു വരുന്ന ദുരാചാരമാണ്. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടത് സഹോദരി അന്യ ജാതിയില്‍ പെട്ട ഒരാളെ വിവാഹം ചെയ്തത് മൂലമാണ് എന്ന് കൂടി അറിയുമ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം ബോദ്ധ്യമാവും. വടക്ക് നിന്നും കിഴക്ക് നിന്നും വന്ന് കേരളത്തിലെ ജാതി വ്യവസ്ഥയെ നോക്കി ഭ്രാന്താലയം എന്ന് വിളിച്ചവര്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ കേരളം ഇന്ന് അവിടെ നിന്നുമൊക്കെ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ജാതി വ്യവസ്ഥ പൂര്‍ണ്ണമായി കേരള സമൂഹത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ സ്വന്തം സഹോദരിമാരെയും സഹോദരിയുടെ ഭര്‍ത്താവിനെയും കൊല്ലാന്‍ സമ്മതം നല്‍കുന്ന കുടുംബത്തിലെ മുതിര്‍ന്നവരെയും, അതിനെ ഏകപക്ഷീയമായി അനുകൂലിക്കുന്ന ഗ്രാമ വാസികളെയും കേരളത്തില്‍ ഒരിടത്തും കാണുവാന്‍ ഇന്ന് കഴിയില്ല എന്ന് നമുക്ക് അഭിമാനത്തോടെ തന്നെ അവകാശപ്പെടാം. ഇനി അഥവാ ആരെങ്കിലും ഇങ്ങനെ ചിന്തിച്ചാല്‍ തന്നെ അത് നടപ്പിലാക്കാന്‍ കഴിയാത്തവണ്ണം രാഷ്ട്രീയമായ ജാഗ്രത കേരള ജനത നേടിയെടുത്തിട്ടുമുണ്ട്.
സഹോദരന്മാരാല്‍ കൊല്ലപ്പെട്ട മോണിക്കയും കുല്‍ദീപും
കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ ഇത്തരത്തില്‍ നടന്ന ഒരു കൂട്ടക്കൊല ഈ ദുരവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയുടെ ശ്രദ്ധ തിരിച്ചു വിടുകയുണ്ടായി. നാല് വര്ഷം മുന്‍പാണ് രജ്പുത് വംശജനായ കുല്ദീപിനെ ഗുജ്ജാര്‍ വംശജയായ മോണിക്ക വിവാഹം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ അശോക് നഗറിലുള്ള വീട്ടില്‍ മോണിക്കയുടെ ശരീരം കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടു. ഭര്‍ത്താവ് കുല്ദീപിന്റെ ജഡം പോലീസിനു ലഭിച്ചത് കാറിനുള്ളിലാണ്. ഇവരുടെ വിവാഹത്തിനു വേണ്ട സഹായവും പിന്തുണയും നല്‍കിയ മോണിക്കയുടെ സഹോദരി ശോഭയുടെ മൃതദേഹവും പോലീസിനു രണ്ടു ദിവസത്തിനകം ഇവരുടെ മറ്റൊരു ബന്ധുവിന്റെ കാറില്‍ നിന്നും ലഭിച്ചു.
മോണിക്കയെ വധിച്ച സഹോദരന്മാര്‍
മോണിക്കയേയും സഹോദരിയും ഭര്‍ത്താവിനെയും കൊന്ന ഇവരുടെ സഹോദരന്മാരായ അങ്കിത്, മന്ദീപ്, നകുല്‍ എന്നിവരെ പോലീസ് പിടി കൂടി. ഗ്രാമവാസികളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് തങ്ങള്‍ കൊല നടത്തിയത് എന്നാണു ഇവരുടെ മൊഴി. മോണിക്ക അന്യ ജാതിയില്‍ പെട്ട ഒരാളുടെ കൂടെ ഒളിച്ചോടി പോയത് ഗ്രാമത്തിലെ മറ്റ് കുട്ടികളെ കൂടി വഴി തെറ്റിക്കുമെന്നും അതിനാല്‍ ഇത്തരം ഒരു ശിക്ഷ നല്ലതാണ് എന്നുമാണ് ഗ്രാമവാസികളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
ഞായറാഴ്ച തന്നെ 22 കാരനായ പിങ്കുവിന്റെയും 20കാരിയായ മോണിക്കയുടെയും ശരീരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ തൊട്ടടുത്ത ഹരിയാനയില്‍ പോലീസ് കണ്ടെത്തി. ഇവരുടെ കൊലപാതകത്തിനു മോണിക്കയുടെ അമ്മയടക്കം ആറു ബന്ധുക്കളെ പോലീസ് പ്രതി ചേര്‍ത്തു കേസെടുത്തിട്ടുണ്ട്. പിങ്കുവിന്റെ ശരീരത്തില്‍ കൊടിയ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട കമലേഷ് ഖുശ്ബു ദമ്പതിമാര്‍
ജൂണ്‍ 17നു തൊട്ടടുത്ത പഞ്ചാബിലെ ഫഗ്‌വാരയില്‍ നിന്നും കമലേഷ് – ഖുശ്ബൂ ദമ്പതിമാരെ വധിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി. തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളാണ് കമലേഷ് എന്ന് പറഞ്ഞു ഖുശ്ബുവിന്റെ ബന്ധുക്കള്‍ ഇവരുടെ ബന്ധം അംഗീകരിച്ചിരുന്നില്ല.
ഇത്തരം കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രത്യേക നിയമം വേണ്ടി വരുമോ എന്ന് ആരാഞ്ഞിരിക്കുകയാണ് സുപ്രീം കോടതി. ഇതിനെതിരെ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് കേന്ദ്രത്തോടും എട്ടു സംസ്ഥാന സര്‍ക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.
ഈ വിഷയത്തില്‍ ഒരു ദേശീയ സമീപനം ആവശ്യമാണ് എന്ന് കഴിഞ്ഞ ദിവസം കോണ്ഗ്രസും വ്യക്തമാക്കുകയുണ്ടായി. ഇത്തരം അതിക്രമങ്ങളും കൊലപാതകവും വെച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് വക്താവ് ജയന്തി നടരാജന്‍ തലസ്ഥാനത്ത് ഒരു പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ വേണ്ട വണ്ണം ഇടപെടുന്നില്ലെന്ന് കാണിച്ചു കഴിഞ്ഞ ദിവസം ചില സാമൂഹ്യ സേവന സംഘടനകള്‍ ഒരു ഹരജി സമര്‍പ്പിക്കുകയും ചെയ്തു.
സമൂഹം തന്നെ ഇത്തരം കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ ഭീതിദമാണ്. ഇതിനെതിരെ എന്തു ചെയ്യാനാവും എന്നാണു സര്‍ക്കാര്‍ ചിന്തിക്കേണ്ടത്.