ന്യൂഡല്‍ഹി : വിവാഹ ബന്ധം തകര്‍ന്നിട്ടും നിയമം അനുവദിയ്ക്കാത്തത് മൂലം വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആവാതെ ജീവിതം നരകിച്ചു തീര്‍ക്കുന്നവര്‍ക്ക് ഒരു പുത്തന്‍ പ്രതീക്ഷ നല്‍കുന്ന നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രി സഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ദമ്പതിമാര്‍ തമ്മിലുള്ള പൊരുത്തക്കേടും, യോജിയ്ക്കാനാവാത്ത വിധമുള്ള വൈവാഹിക പരാജയവും ഇനി മുതല്‍ വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കുന്ന ഭേദഗതികളാണ് 1955 ലെ ഹിന്ദു വിവാഹ നിയമത്തിലും 1954 ലെ പ്രത്യേക വിവാഹ നിയമത്തിലും നടപ്പാക്കുന്നത്. വിവാഹ നിയമ ഭേദഗതി ബില്‍ 2010 എന്ന ഈ ഭേദഗതി പാര്‍ലമെന്റില്‍ വെച്ചു പാസ്സാക്കുന്നതോടെ ഇത് നിയമമാകും.
വിവാഹ മോചനത്തിനുള്ള നിയമ നടപടികള്‍ മനപൂര്‍വം വൈകിക്കുകയും, കോടതിയില്‍ ഹാജരാകാതെ കേസ് നീട്ടി കൊണ്ടു പോകുകയും ഒക്കെ ചെയ്യുന്ന സ്ഥിരം ഏര്‍പ്പാടുകള്‍ ഇനി നടപ്പില്ല. തിരിച്ചു ചേര്‍ക്കാന്‍ ആവാത്ത വണ്ണം മാനസികമായി വേര്‍പെട്ടു എന്നത് തന്നെ ഇനി വിവാഹ മോചനത്തിനുള്ള കാരണമായി കോടതിയ്ക്ക് പരിഗണിക്കാനാവും.
പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനമല്ലെങ്കില്‍ പാതിവ്രത്യ ഭംഗം, ഉപേക്ഷിച്ചു പോവുക, മാനസിക രോഗം, മത പരിവര്‍ത്തനം, ക്രൂരത എന്നീ കാരണങ്ങള്‍ മാത്രമേ നിലവിലെ നിയമങ്ങള്‍ വിവാഹ മോചനത്തിനുള്ള കാരണങ്ങളായി അനുവദിക്കുന്നുള്ളൂ. കാലഹരണപ്പെട്ട ഈ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്ന ആവശ്യം ഏറെ നാളായി നിലനിന്നിരുന്നു.
1978ല്‍ ലോ കമ്മീഷന്റെ 71ആം റിപ്പോര്‍ട്ടില്‍ വിവാഹ പരാജയം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിയ്ക്കണം എന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 1981ല്‍ ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വകുപ്പിന്റെ ആനുകൂല്യത്തില്‍ അനൈതികമായി ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കും എന്ന് അഭിപ്രായപ്പെട്ട് പലരും ഈ നിയമത്തെ എതിര്‍ത്തതിനാല്‍ ഇത് പാസ്സായില്ല.
വിവാഹ ബന്ധം പരാജയപ്പെട്ടതിനു ശേഷവും നിയമം അനുവദിയ്ക്കാത്തതിനാല്‍ മാത്രം ഒരുമിച്ചു കഴിയേണ്ടി വരുന്ന അവസ്ഥ സാമാന്യ നീതിയ്ക്ക് നിരയ്ക്കാത്തതാണ്. കാലോചിതമായി നിയമത്തില്‍ ഇത്തരമൊരു ഭേദഗതി കൊണ്ടുവരേണ്ട സമയം അതിക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ സ്മൃതി ഷിന്‍ഡെയുടെ വിവാഹ മോചനക്കേസ് വഴിമുട്ടി നിന്നപ്പോള്‍ മാത്രമാണ് കേന്ദ്ര മന്ത്രിസഭയ്ക്ക് ഈ ആവശ്യം ന്യായമാണെന്ന് ബോദ്ധ്യപ്പെട്ടത്.
മാനസികമായി വേര്‍പെട്ട്, വിവാഹ ബന്ധം തുടരാന്‍ ആവില്ല എന്ന് ഉത്തമ ബോധ്യം ഉള്ളപ്പോഴും ഭര്‍ത്താവിന്റെ സമ്മതത്തിനായി കാത്തിരിയ്ക്കേണ്ടി വരുന്നത് സ്ത്രീയുടെ മാന്യതയ്ക്ക് നിരയ്ക്കാത്തതാണ് എന്ന് സ്മൃതി 2009 ഡിസംബര്‍ 17ന് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തകര്‍ന്ന വിവാഹ ബന്ധം വേര്പെടുത്തുന്നതിനു പരസ്പര സമ്മതം വേണമെന്ന നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നും സ്മൃതി കോടതിയോട് ആവശ്യപ്പെട്ടു.
വിവാഹ മോചനത്തിന് ആവശ്യപ്പെടുന്ന സ്ത്രീയ്ക്ക് ഇന്ത്യന്‍ സാമൂഹിക ചുറ്റുപാടില്‍ സമൂഹത്തില്‍ നിന്നും സ്വന്തം ജോലി സ്ഥലത്ത് നിന്നും കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. ഈ അവസ്ഥയില്‍ മിക്ക സ്ത്രീകളും വിവാഹ മോചനത്തിന് ധൈര്യപ്പെടുന്നില്ല. തകര്‍ന്ന വൈവാഹിക ജീവിതം തുടര്‍ന്ന് കൊണ്ട് പോകുന്നത് വിവാഹ മോചനത്തിന് അപേക്ഷിച്ചാല്‍ ഉണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളെക്കാള്‍ കടുത്തതാവുന്ന സാഹചര്യത്തില്‍ മാത്രമേ വിവാഹ മോചനവുമായി മുന്നോട്ട് സ്ത്രീ പോകൂ എന്ന് ഈ സാമൂഹിക വിലക്കുകളും കെട്ടുപാടുകളും ഉറപ്പ് വരുത്തുന്നുണ്ട് എന്നും അവര്‍ വ്യക്തമാക്കി.
സ്മൃതിയുടെ കേസ് പരിഗണിച്ച സുപ്രീം കോടതി നിലവിലെ നിയമത്തിന്റെ അപര്യാപ്തതയും വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തേണ്ട ആവശ്യവും ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി സഭ ഇത്തരമൊരു ഭേദഗതി തിരക്കിട്ട് അംഗീകരിച്ചത്. ഇതിന്റെ ആദ്യ
ഗുണഭോക്താവ് മന്ത്രിപുത്രി ആയിരിക്കുമെങ്കിലും “വിവാഹ ദുരിതം” അനുഭവിക്കുന്ന അനേകായിരം ഇന്ത്യാക്കാര്‍ക്ക് ആശ്വാസകരമാവും ഈ പുതിയ ഭേദഗതി എന്നത് ഉറപ്പാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, ബന്ധങ്ങള്‍