തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതിനെതിരെ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവില്‍ ഉണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ് ദീപക് വര്‍മ, ജസ്റ്റിസ് ബി. എസ്. ചൌഹാന്‍ എന്നിവര്‍ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. തന്റെ പേരില്‍ നിലവിലുള്ള കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ട് ഖുശ്ബു നല്‍കിയ പരാതി നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കുന്നത് നിയമ വിരുദ്ധമല്ല എന്ന് കേസില്‍ വിധി പ്രസ്താവിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
2005ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു സംസാരിച്ച ഖുശ്ബു, അഭ്യസ്ത വിദ്യരായ ആരും വിവാഹ സമയത്ത് വധു കന്യക ആയിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കില്ല എന്നും പറഞ്ഞിരുന്നു. ഇത് ഒട്ടേറെ പേരെ പ്രകോപിപ്പിക്കുകയും തമിഴ് നാട്ടില്‍ ഖുശ്ബുവിന് എതിരെ 22 ഓളം ക്രിമിനല്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്യപ്പെടുകയും ഉണ്ടായി.
വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
വാദം കേട്ട കോടതി ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്നും ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്നും ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട് ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക് പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച് പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.
വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ് എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, ബന്ധങ്ങള്‍
മിസ്സ് ഖുശ്ബു പരഞത് തല്ലി കലയാന്‍ അകില്ല…