ന്യൂഡല്‍ഹി : തൊഴില്‍ തര്‍ക്കം രൂക്ഷമായതോടെ മാരുതി സുസുക്കിയുടെ മാനേസര്‍ ഫാക്ടറിയില്‍ ഇന്നും ഉല്‍പ്പാദനം മുടങ്ങി. കഴിഞ്ഞ ആഴ്ച ഉല്‍പ്പാദന നിലവാരം തൊഴിലാളികള്‍ മനപ്പൂര്‍വ്വം തകര്‍ക്കുകയാണ് എന്ന് കമ്പനി അധികൃതര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയുള്ള നടപടിയായി ഒരു നല്ല നടപ്പ് കരാര്‍ തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കുവാന്‍ അധികൃതര്‍ ശ്രമിച്ചു. ഉല്‍പ്പാദനത്തെ ബാധിക്കുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യില്ല എന്നും ജോലി ചെയ്യുന്നതില്‍ അലംഭാവം കാണിക്കില്ല എന്നൊക്കെ സമ്മതിക്കുന്ന ഈ കരാര്‍ ഒപ്പിടില്ല എന്നാണ് തൊഴിലാളികളുടെ പക്ഷം. കഴിഞ്ഞ ജൂണില്‍ പുതിയ ഒരു തൊഴിലാളി യൂണിയന്‍ അംഗീകരിക്കണം എന്ന ആവശ്യവുമായി സമരം ചെയ്തതിന്റെ പ്രതികാര നടപടിയാണ് ഈ പുതിയ നീക്കം എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച 28 തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഏതായാലും തൊഴില്‍ തര്‍ക്കം മൂലം ഉല്‍പ്പാദനം മുടങ്ങിയ വാര്‍ത്ത പരന്നതോടെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് മാരുതി കമ്പനിക്ക് നേരിടേണ്ടി വന്നത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1.42 ശതമാനവും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1.55 ശതമാനവുമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് വില ഇടിഞ്ഞത്. രണ്ടു ദിവസം ഉല്‍പ്പാദനം മുടങ്ങിയതോടെ കമ്പനിക്ക് 60 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.