കോട്ടയം: സി.പി.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി കോട്ടയത്തു നടന്ന ഇരുപത്തി രണ്ടാമത് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.പുതിയ സംസ്ഥാന കൌണ്‍സിലിനെ തിരഞ്ഞെടുത്തു. സംസ്ഥാന സമിതിയില്‍ 89 അംഗങ്ങള്‍ ഉണ്ടായിരിക്കും. 10 കാന്റിഡേറ്റ് അംഗങ്ങള്‍ക്കും അംഗീകാരമായി. സംസ്ഥാന സെക്രട്ടറിസ്ഥാനം ലക്ഷ്യമിട്ട് കാനം വിഭാഗവും കെ.ഇ.ഇസ്മയില്‍ വിഭാഗവും പരസ്പരം ചേരിതിരിഞ്ഞ് ശ്രമങ്ങള്‍ നടത്തിയിരുന്നു എങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കുകയായിരുന്നു. ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് കൂടിയാണ് കാനം രാജേന്ദ്രന്‍.
കാനം രാജേന്ദ്രനേക്കാള്‍ മേല്‍ക്കൈ കെ.ഇ.ഇസ്മയില്‍ വിഭാഗത്തിനാണ്. എന്നാല്‍ പ്രമുഖ നേതാക്കന്മാര്‍ ഇരു പക്ഷത്തും അണി നിരന്ന് സെക്രട്ടറിസ്ഥാനത്തേക്ക് മത്സരം നടന്നാല്‍ അത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും അത്തരം ഒരു നീക്കം നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്നും തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. ഇതേതുടര്‍ന്ന് കെ.ഇ.ഇസ്മയില്‍ വിഭാഗം പിന്മാറുകയായിരുന്നു എന്നാണ് സൂചന. സ്ഥനമൊഴിയുന്ന സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പിന്തുണ കാനത്തിനാണ്.
സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തിനായി കാനവും സി.ദിവാകരനും സെക്രട്ടറി സ്ഥാനത്തിനായി നേര്‍ക്ക് നേര്‍ വന്നപ്പോള്‍ മത്സരം ഒഴിവാക്കുവാന്‍ സമവായ സ്ഥാനാര്‍ഥിയായി രംഗത്ത് വന്നതായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. സെക്രട്ടറി എന്ന നിലയില്‍ പന്ന്യന്‍ ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടിയും വന്നു.
1950 നവമ്പര്‍ 10 ന് കോട്ടയം ജില്ലയിലെ വാഴൂരിനു സമീപം കാനത്താണ് ജനിച്ചത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ടീയത്തിലേക്ക് കടന്ന രാജേന്ദ്രന്‍ ഇരുപതാമത്തെ വയസ്സില്‍ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാകുമ്പോള്‍ കാനത്തിനു പ്രായം 28. സി.അച്ച്യുതമേനോന്റെയും, ടി.വി.തോമസിന്റേയും പോലുള്ള പ്രഗല്‍ഭരായ കമ്യൂണിസ്റ്റു നേതാക്കന്മാര്‍ക്കൊപ്പമുള്ള രാഷ്ടീയ പ്രവര്‍ത്തനം കാനത്തെ തികഞ്ഞ ഒരു രാഷ്ടീയക്കാരനാക്കി മാറ്റി. കെ.എസ്.ടി.യു.സിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 82-87 കാലഘട്ടത്തില്‍ വാഴൂരില്‍ നിന്നും നിയമ സഭയില്‍ എത്തി. സെക്രട്ടറിയായുള്ള കാനത്തിന്റെ കടന്നു വരവ് സി.പി.ഐക്ക് പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
- എസ്. കുമാര്‍