
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഉയർന്ന താപ നില തുടരും എന്നും സൂര്യ പ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
2026 മാർച്ച് 26 വരെ വിവിധ ജില്ലകളിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.
അൾട്രാ വയലറ്റ് (UV radiation levels) വികിരണത്തിന്റെ അളവ് അപകടകരമായ രീതിയിൽ ഉയർന്നതും മുന്നറിയിപ്പിൽ പറയുന്നു. ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. കാപ്പി, ചായ, മദ്യം, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങി നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
പുറത്തിറങ്ങുമ്പോള്‍ കട്ടി കുറഞ്ഞതും അയഞ്ഞതുമായ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പാദ രക്ഷകള്‍, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
മലയോര മേഖലകളിൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നതിനാൽ ഇവിടങ്ങളിൽ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളും തോട്ടം തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: summer-hot, കാലാവസ്ഥ, പരിസ്ഥിതി, പ്രതിരോധം, വിനോദ സഞ്ചാരം, സാമൂഹികം




























