തൃശ്ശൂര്‍: തൃശ്ശൂര്‍ മിഷന് ക്വേര്‍ട്ടേഴ്സിനു സമീപം വച്ച് സ്വര്‍ണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും കൊണ്ടു പോകുകയായിരുന്ന സ്വര്‍ണ്ണം കൊള്ളയടിച്ച സംഭവത്തില്‍ പ്രധാന പ്രതി പാലക്കാട് കല്ലേപ്പുള്ളി ഖാജാ ഹുസൈനെ പോലീസ് പിടികൂടി. ഷൊര്‍ണ്ണൂരില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെടുത്തു. മൊത്തം നാലു കിലോയോളം സ്വര്‍ണ്ണമാണ് ഖാജാ ഹുസൈനും സംഘവും കൊള്ളയടിച്ചതായി കരുതുന്നത്.
ഇയാളുടെ അറസ്റ്റോടെ മൊത്തം 16 പേര് ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി 14-ആം തിയതി അര്‍ദ്ധരാത്രിയില്‍ ആയിരുന്നു സ്വര്‍ണ്ണവുമായി പോകുകയായിരുന്ന കാറിനു അള്ളുവച്ച് ടയര്‍ പഞ്ചറാക്കിയ ശേഷം അതിലുണ്ടയിരുന്നവരെ ആക്രമിച്ചാണ് പ്രതികള്‍ കൊള്ള നടത്തിയത്.
നിരവധി മോഷണ കേസുകളില്‍ മുമ്പും പ്രതിയായിട്ടുള്ള ഖാജാ ഹുസൈന് പലതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഒരിക്കല്‍ ജയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. കേസിലെ പ്രതികളില്‍ ഒരാളായ ഷെബീറലിയെ പോലീസ് പിടികൂടിയതോടെ ആണ് കൂടുതല്‍ വിവരങ്ങള്‍ അറിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റുള്ള പ്രതികളും അറസ്റ്റിലായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്