തിരുവനന്തപുരം : താപനില ക്രമാതീതമായി ഉയരുന്നതിനാൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്ന ശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ ഈ സമയത്ത് സൂര്യ പ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം.
അംഗന വാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗന വാടി ജീവന ക്കാരും നടപ്പാക്കണം. കുട്ടികളെയും വളർത്തു മൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത് എന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം. ഉച്ച വെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.
നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. കുടി വെള്ളം എപ്പോഴും കയ്യിൽ കരുതണം. കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നീ നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ. ആർ. എസ്. ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺ ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്ര ധാരണം നടത്തേണ്ടതും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്.
ദീര്‍ഘ ദൂര യാത്രക്കാര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യിൽ വെള്ളം കരുതണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാല്‍ ഉടൻ വിശ്രമിക്കുകയും വൈദ്യ സഹായം തേടണം എന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. PRD
- pma