ഐതിഹ്യവും ചരിത്രവും വേര്‍തിരിക്കുവാന്‍ ആകാത്തവിധം പരസ്പരം ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ശാന്തമായ വടക്കും നാഥ സന്നിധി. അവിടെയാണ് ലോകത്തിന്റെ കണ്ണും കാതും മനസ്സും ഒഴുകിയെത്തുന്ന വിശ്വവിസ്മയമായ തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്.പൂരങ്ങളുടെ പൂരമെന്ന വിശേഷണത്തിനപ്പുറം നാദവര്‍ണ്ണശബ്ദ വിസ്മയങ്ങള്‍ സമന്വയിക്കുന്ന പ്രൌഢ ഗംഭീരമായ ഒരു സാംസ്കാരികോത്സവം കൂടെയാണ് അത്. ജാതി മത ദേശഭാഷന്തരങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാനാവാത്ത മഹത്തരമായ ഒരു തലം കൂടെ തൃശ്ശൂര്‍ പൂരത്തിനുണ്ടെന്ന് അവിടെ തടിച്ചു കൂടുന്ന പുരുഷാരം സാക്ഷ്യപ്പെടുത്തുന്നു. കലാകാരന്മാരുടേയും ആസ്വാകരുടേയും ഏറ്റവും വലിയ സംഗമവേദി. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം.
പൂരത്തിന്റെ ഉല്‍ഭവത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോളും ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത് അധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് എന്നതില്‍ തര്‍ക്കമില്ല. ഉല്‍ഭവ കഥകളില്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതപ്പെടുന്നത് പണ്ട് ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാന്‍ തൃശ്ശൂരില്‍ നിന്നും ദേവീദേവന്മാര്‍ ആനപ്പുറത്ത് എഴുന്നള്ളാറുണ്ടായിരുന്നു. ഒരിക്കല്‍ ഈ യാത്രയ്ക്കിടെ മഴ പെയ്തു. ഇതേ തുടര്‍ന്ന് യാത്രനിര്‍ത്തി ദേവീദേവന്മാരുടെ തിടമ്പ് ഒരു ആലയില്‍ ഇറക്കിവെച്ചു. മഴ മാറിയപ്പോള്‍ ആറാട്ടുപുഴ പാടത്തേക്ക് യാത്രതുടര്‍ന്നു. എന്നാല്‍ താണകുലത്തില്‍ പെട്ടവരുടെ ആലയില്‍ തിടമ്പ് ഇറക്കിവെച്ച് തൊട്ടുതീണ്ടിയതിനാല്‍ പെരുവനത്തെ ഗ്രാമാധികാരികള്‍ പ്രവേശനം നിഷേധിച്ച് ഉത്സവചടങ്ങുകളില്‍ നിന്നും പുറത്താക്കി. ഇതേതുടര്‍ന്ന് അപമാനിതരായ തൃശ്ശൂരിലെ പ്രമുഖരും അധികാരികളും ചേര്‍ന്ന് വടക്കുംനാഥ സന്നിധിയില്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമിട്ടു. പരസ്പര തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം പൂരം ഇടയ്ക്കെപ്പോളോ നിന്നു പോയി. പിന്നീട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരില്‍ എത്തിയതോടെ ആണ് പൂരം പുനരാരംഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളെ പ്രധാനികളാക്കി സമീപത്തുള്ള 8 ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂര്‍ പൂരത്തിനു പുനരാരംഭം കുറിച്ചു. നിലവിലുണ്ടായിരുന്ന രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പൂരത്തിന്റെ ഘടന പുനക്രമീകരിച്ചു. ശക്തന്റെ കാലത്തുതന്നെ ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി പൂരത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇന്നും കൃസ്ത്യാനികളും മുസ്ലിംങ്ങളും പലതലത്തില്‍ പൂരവുമായി സഹകരിച്ചു പോരുന്നു.
അതി രാവിലെ വെയിലും മഞ്ഞും മഴയും കൊള്ളാതെ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരവാതില്‍ കടന്നു വടക്കുംനാഥനെ വണങ്ങുവാന്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരത്തിനു തുടക്കമാകുന്നത്. കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുന്നതോടെ മറ്റു ഘടകപൂരങ്ങളും വന്നു തുടങ്ങും. ഘടകപൂരങ്ങള്‍ക്ക് ശേഷം തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കും നാഥനെ വണങ്ങി തെക്കോട്ടിറങ്ങി കുടമറ്റത്തിനു തയ്യാറാകുന്നു. കുടമാറ്റം കഴിഞ്ഞ് പിരിയുന്നു പിന്നീട് രാത്രി പൂരവും വെടിക്കെട്ടു. രാവിലെ വീണ്ടും പൂരങ്ങള്‍ ഒടുവില്‍ ഉച്ചയോടെ ഇരുദേവിമാരും ഉപചാരം ചൊല്ലി അടുത്ത പൂരത്തിന് വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുന്നതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീലവിരിയുന്നു. അപ്പോള്‍ക്കും അടുത്ത പൂരം വരെ പൂരപ്രേമികള്‍ക്ക് ഓര്‍ക്കുവാന്‍ മനം നിറഞ്ഞിരിക്കും.
മഠത്തില്‍ വരവ്
തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ ഒന്നാണ് മഠത്തില്‍ വരവ്.രാവിലെ തിരുവമ്പാടി ഭഗവതി ഉണ്ണിക്കണ്ണനോടു കൂടി പൂരത്തിനായി പുറപ്പെടുന്ന ദേവി മഠത്തില്‍ എത്തി ഇറക്കി പൂജകഴിഞ്ഞ് തിരിച്ചു പുറപ്പെടുന്നതിനെയ്‍ാണ് മഠത്തില്‍ വരവ് എന്ന് പറയുന്നത്. ശങ്കരാചാര്യരുടെ ശിഷ്യന്മാരുടെ മഠങ്ങളില്‍ ഒന്നായ പഴയ നടക്കാവിലെ നടുവില്‍ മഠത്തില്‍ നിന്നുമാണ് രാവിലെ 11.30 നു മഠത്തില്‍ വരവ് ആരംഭിക്കുക. സ്വര്‍ണ്ണപ്രഭ ചൊരിയുന്ന ചമയങ്ങള്‍ അണിഞ്ഞ് തിര്‍വമ്പാടി ശിവസുന്ദര്‍ എന്ന ഗജരാജനാണ് തിടമ്പേറ്റുക. പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റെ പ്രധാന ആകര്‍ഷണം. രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ മേള ചരിത്രത്തെ മാറ്റി മറിച്ചുകൊണ്ടാണ് പഞ്ചവാദ്യത്തിന്റെ കടന്നുവരവ്. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയുടെ പുതിയ പരീക്ഷണമായിരുന്നു തിമില, ശുദ്ധമദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, ശംഖ് എന്നിവയെ സമന്വയിപ്പിച്ച് നടത്തിയ പുതിയ മേളം. മഠത്തില്‍ നിന്നുമുള്ള വരവില്‍ അത് ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.
മഠത്തില്‍ വരവിനെ കുറിച്ചുള്ള കഥയിങ്ങനെ. സമ്പന്നമായ നടുവില്‍ മഠത്തില്‍ പണ്ട് സ്വര്‍ണ്ണ തലേക്കെട്ടുകള്‍ ഉണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ ആനകള്‍ക്ക് ചാര്‍ത്തുവാന്‍ അവ നല്‍കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മഠത്തില്‍ വന്ന് ഇവിടെ ഇറക്കി പൂജകഴിഞ്ഞു സ്വര്‍ണ്ണ ചമയങ്ങള്‍ അണിഞ്ഞ് ആനപ്പുറത്ത് ദേവി വടക്കും നാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊള്ളട്ടെ എന്നായി മൂപ്പില്‍ സ്വാമി. അതിനെ തുടര്‍ന്നാണ് മഠത്തില്‍വരവ് പൂരത്തിന്റെ ഭാഗമായത് . മൂന്നാനകളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ മഠത്തിനു മുമ്പില്‍ നിന്നും എഴുന്നള്ളിക്കുന്നു. പിന്നീട് ആനകളുടെ എണ്ണം ഏഴാകുന്നു. നായ്കനാലില്‍ എത്തുമ്പോള്‍ ആനകളുടെ എണ്ണം പതിനഞ്ചായിട്ടുണ്ടാകും.
ഇലഞ്ഞിത്തറ മേളം
പാറമേക്കാവ് ഭഗവതി പന്ത്രണ്ടരയോടെ വടക്കുംനാഥ സന്നിധിയിലേക്ക് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറപ്പെടുന്നു. വടക്കും നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന ദേവിയും സംഘവും ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നു. തുടര്‍ന്നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അവിടെ അസുരവാദ്യമായ ചെണ്ടയില്‍ താള വിസ്മയത്തിന്റെ മഹാപ്രപഞ്ചം തീര്‍ക്കുന്നു. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ആസ്വാകര്‍ അവര്‍ക്കൊപ്പം കൂടുന്നു. പതികാലത്തില്‍ തുടങ്ങി ആസ്വാകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പാണ്ടിയുടെ ഉല്‍ഭവം പാണ്ടി നാട്ടില്‍ നിന്നും ആണെന്ന് പറയപ്പെടുന്നു. ചെമ്പടകൊട്ടി കലാശിച്ചതിനു ശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. ഒലമ്പലും, അടിച്ചു കലാശവും, തകൃതതകൃതയും കഴിഞ്ഞ് മുട്ടിന്മേല്‍ ചെണ്ടയിലെത്തുമ്പോളേക്കും ആസ്വാകര്‍ സ്വയം മറന്നിട്ടുണ്ടാകും. ഒടുവില്‍ പാണ്ടിയുടെ രൌദ്രസൌന്ദര്യം അതിന്റെ എല്ലാ സീമകളും കടന്ന് ഇലഞ്ഞിചോട്ടില്‍ പെരുമഴയായി പെഴിയുമ്പോള്‍ പൂരനഗരിയുടെ മനം നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും.
തെക്കോട്ടിറക്കവും കുടമാറ്റവും
ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം പെയ്തൊഴിയുമ്പോള്‍ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തെക്കേ ഗോപുരവാതില്‍ കടന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പിലുള്ള മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് തിരിച്ച് വരുന്നു.തൃശ്ശൂര്‍ റൌണ്ടില്‍ ഗോപുരവാതിലിനു അഭിമുഖമായി അണിനിരക്കുന്നു. അപ്പോഴേക്കും തിരുവമ്പാടി ഭഗവതിയും തെക്കേ ഗോപുരവാതില്‍ കടന്ന് അഭിമുഖമായി നിരന്നിട്ടുണ്ടാകും. മുഖാംമഖം നില്‍ക്കുന്ന ഭഗവതിമാര്‍ക്കിടയില്‍ അപ്പോള്‍ മനുഷ്യമഹാപ്രളയമായിരിക്കും. തുടര്‍ന്ന് ആനപ്പുറത്ത് നിറങ്ങളുടെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്തുകൊണ്ട് കുടമാറ്റം ആരംഭിക്കും. ആകാശത്ത് വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് വര്‍ണ്ണ കുടകള്‍ നിവരുമ്പോള്‍ ആസ്വാകര്‍ ആര്‍പ്പുവിളികളോടെ ഇരു വിഭാഗത്തേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. ഒരു മത്സര സ്വഭാവം ഉള്ളതിനാല്‍ അതീവരഹസ്യമായാണ് കുടകളുടെ നിര്‍മ്മാണം നടക്കുന്നത്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെമ്പട്ടിന്റെ കുടചുരുക്കി സൂര്യന്‍ അസ്തമിക്കുവോളം കുടമാറ്റം നീളും. കുടമാറ്റത്തിനു പുറകിലുമുണ്ട് രസകരമായ മറ്റൊരു കഥ. ഒരിക്കല്‍ പൂരത്തിനു മുഖാമുഖം നില്‍ക്കുന്ന സമയത്ത് ഒരു വിഭാഗം അപ്രതീക്ഷിതമായി ആനപ്പുറത്ത് കുടകള്‍ മാറ്റി. ഇതു കണ്ട് മറുവിഭാഗം അല്പം ഒന്ന് അന്ധാളിച്ചുവെങ്കിലും ഉടനെ തന്നെ അടുത്തുണ്ടായിരുന്ന ചിലര്‍ ചൂടിയിരുന്ന ഓലക്കുടകള്‍ വാങ്ങി ആനപ്പുറമേറ്റിക്കൊണ്ട് മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടമാറ്റം തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി.
അഗ്നിയുടെ ആകാശപ്പൂരം
വടക്കുംനാഥന്റെ തെളിഞ്ഞ മാനത്ത് അഗ്നിയുടെയും ശബ്ദത്തിന്റേയും വന്യസൌന്ദര്യം തീര്‍ത്തുകൊണ്ടാണ് വെടിക്കെട്ട് അരങ്ങേറുക. അക്ഷരാര്‍ഥത്തില്‍ അത് മറ്റൊരു ആകാശപ്പൂരം തന്നെയാണ്. കാണികള്‍ക്ക്കായി കൌതുകങ്ങള്‍ ഒളിച്ചുവെച്ച അമിട്ടുകള്‍ ഒന്നൊന്നായി ആകാശത്തേക്ക് കുതിച്ചുയരുന്നു പിന്നീട് വര്‍ണ്ണമഴയായി പെയ്യുന്നു. ഒടുവില്‍ പൂരപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കുന്ന കൂട്ടപ്പൊരിച്ചില്‍. ഗര്‍ഭമലസിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുണ്ടുകളൊക്കെ ഇന്ന് ഓര്‍മ്മമാത്രം. ശബ്ദം കുറച്ച് വര്‍ണ്ണത്തിനു പ്രാധാന്യമുള്ള പടക്കങ്ങളാണ് ഇന്ന് കൂടുതല്‍. കലയും കെമിസ്ട്രിയും കണിശമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് വളരെ സൂക്ഷമതയോടെ ആണ് തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നത്. ഒരല്പം പിഴച്ചാല്‍ അത് വന്‍ ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക എന്ന് അണിയറക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇത്തവണ തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിന്റെ രണ്ടുനാള്‍ മുമ്പേ ഉള്ള സാമ്പിള്‍ വെടിക്കെട്ട് സത്യത്തില്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാള്‍ പ്രസിദ്ധമാണ്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരസ്വഭാവത്തോടെ ആണ് വെടിക്കെട്ടൊരുക്കുന്നത്.
പറഞ്ഞാല്‍ തീരത്തതാണ് പൂരത്തിന്റെ പെരുമയും കഥകളും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, തൃശ്ശൂര്‍ പൂരം