ലോകത്തിന്റെ കണ്ണിനേയും കാതിനേയും തൃശ്ശൂര്‍ പൂരത്തിലേക്ക് പിടിച്ചു കൊണ്ടു വരുന്നതിന് ഒരു പ്രധാന ഘടകമാണ് ഇലഞ്ഞി ച്ചോട്ടില്‍ നിന്നും ഉയരുന്ന “അസുര വാദ്യത്തിന്റെ” മാസ്മരികമായ നാദ പ്രപഞ്ചം. രണ്ട് മണിക്കൂറില്‍ കൊട്ടി ത്തീരുന്ന ഇലഞ്ഞി ത്തറയിലെ താള വിസ്മയത്തില്‍ സ്വയമലിഞ്ഞ് ആസ്വാദ നത്തിന്റെ പുത്തന്‍ ആകാശത്തിലേക്ക് ആസ്വാദക ലക്ഷങ്ങള്‍ ഒന്നൊന്നായി താണ്ടുന്ന നിമിഷം. ആയിരക്കണക്കിനു കയ്യ് വായുവില്‍ താളമിടുന്നു. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച് കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ് പെട്ടെന്ന് മേളം നിലച്ചത്.
എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണു. തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച് തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക് മാറ്റി.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക് തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത് എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, കേരള സാംസ്കാരിക വ്യക്തിത്വം, തൃശ്ശൂര്‍ പൂരം