തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തില്‍ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങളിലും രാവിലെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് കൊടിയേറ്റം നടന്നു. കൊടിയേറി ആറാം പക്കം മെയ് 12 നാണ് പൂരം. രാവിലെ 11:30നും 12 നും ഇടയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരന്‍ നാരായണന്‍ നമ്പൂതിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുവമ്പാടിയില്‍ കൊടിയേറ്റം നടന്നു. കൊടി ഉയര്‍ത്തുവാനുള്ള അവകാശം ദേശക്കാര്‍ക്കാണ്.
പതിനൊന്നേ മുപ്പത്തഞ്ചിനു ശേഷമാണ് പാറമേക്കാവില്‍ കൊടിയേറ്റ ച്ചടങ്ങുകള്‍ തുടങ്ങിയത്. വലിയപാണി കൊട്ടി അഞ്ചു ഗജ വീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തിയായിരുന്നു കൊടിയേറ്റം. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഇനി തങ്ങളുടെ തട്ടകങ്ങളില്‍ പറയെടുപ്പിനായി ശനിയാഴ്ച പുറപ്പെടും. കൊടിയേറ്റം കഴിഞ്ഞതോടെ സാംസ്കാരിക നഗരി പൂരത്തിന്റെ ലഹരിയിലേക്ക് നീങ്ങിത്തുടങ്ങി, ഇനിയുള്ള ദിവസങ്ങള്‍ സാംസ്കാരിക നഗരി കൂടുതല്‍ സജീവമാകും. ഇത്തവണ പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം പത്താം തിയതി തുടങ്ങും, തിരുവമ്പാടിയുടേത് പതിനൊന്നാം തിയതിയും. പത്താം തിയതിയാണ് സാമ്പിള്‍ വെടിക്കെട്ട്.
“മഞ്ഞും വെയിലും കൊള്ളാതെ” പുലര്‍ച്ചെ നാലു മണിയോടെ കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കുവാനായി പുറപ്പെടുന്നതോടെ ആണ് തൃശ്ശൂര്‍ പൂരത്തിന്റെ തുടക്കം. പിന്നീട് ഒന്നൊന്നായി ഘടക പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയിലേക്ക് വന്നു തുടങ്ങും. തുടര്‍ന്ന് ഉച്ചയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും അതിനു ശേഷം പാറമേക്കവിന്റെ ഇലഞ്ഞിത്തറ മേളവും ഉള്‍പ്പെടെ ഒന്നൊന്നായി പൂരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ക്രമത്തില്‍ കടന്നു വരും. പിറ്റേന്ന് ഉച്ചയോടെ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ തുടര്‍ച്ചയായി മുപ്പത്താറ് മണിക്കൂര്‍ നീളുന്ന പൂരത്തിനു സമാപ്തിയാകും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, തൃശ്ശൂര്‍ പൂരം