കൊച്ചി : കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ 2009-ലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നും ലോക സഭയിലേക്ക് വിജയിച്ച കൊടിക്കുന്നി ലിനെതിരെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി. പി. ഐ. യുടെ ആര്‍. എസ്. അനില്‍ കുമാറും മറ്റു രണ്ടു പേരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.
സംവരണ സീറ്റില്‍ മത്സരിക്കുവാന്‍ കൊടിക്കുന്നില്‍ സുരേഷിനു യോഗ്യത യില്ലെന്നായിരുന്നു എതിര്‍ കക്ഷികളുടെ വാദം. കൊടിക്കുന്നിലിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരാണ് കൊടിക്കുന്നിലിന്റെ മാതാപിതാക്കളെന്നും, അതിനാല്‍ കൊടിക്കുന്നിലിനു സംവരണ സീറ്റില്‍ മത്സരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.
പട്ടിക ജാതിയില്‍ പെട്ട ഹിന്ദു ചേരമര്‍ അംഗമാണെന്നാണ് കൊടിക്കുന്നില്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ ഇതു ശരിയല്ലെന്നും, ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗക്കാരായ മാതാപിതാക്കളില്‍ ജനിച്ച കൊടിക്കുന്നിലിനു പട്ടിക ജാതിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും ഹര്‍ജിക്കാരനായ ആര്‍. എസ്. അനില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ വിവിധ രേഖകളിലെ ജാതിയും പേരും സംബന്ധിച്ചുള്ള വ്യത്യസ്ഥമായ വിവരങ്ങളും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.