Thursday, February 24th, 2011

എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം

endosulfan-abdul-nasser-epathram

ദുബായ്‌ : ദുബായില്‍ നിന്നും രണ്ടു യുവ ഫോട്ടോഗ്രാഫര്‍മാര്‍ കാസര്‍ക്കോട്ടേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കാനുള്ള ഉദ്യമം ഏറ്റെടുത്തപ്പോള്‍ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു യാത്രയാവും എന്ന് ഇവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ദുരിതം നേരിട്ട് കാണുകയും അവശത അനുഭവിക്കുന്നവരോട് അടുത്ത് ഇടപഴകുകയും ഇരകളോടൊപ്പം ദിന രാത്രങ്ങള്‍ പങ്കിടുകയും ചെയ്ത അവര്‍ തിരികെ വന്നത് തികച്ചും വ്യത്യസ്തരായിട്ടായിരുന്നു.

ലാഭക്കൊതി മാത്രം ലക്‌ഷ്യം വെച്ച് മനുഷ്യന്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തിന്റെ ഭീകരമായ മുഖം അടുത്തു നിന്ന് കണ്ട ഇവരുടെ മുന്‍പില്‍ ഇന്ന് ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. കഷ്ടത അനുഭവിക്കുന്ന ഈ അശരണര്‍ക്ക് സാന്ത്വനമേകാന്‍ എന്തെങ്കിലും ഉടനടി ചെയ്യണം. തങ്ങള്‍ അടുത്തറിഞ്ഞ ഈ കൊടും വിപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തി ഈ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് ഇവര്‍.

ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ദുബായില്‍ രൂപം നല്‍കിയ ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ മാര്‍ഗ്ഗദര്‍ശിയും അബുദാബിയില്‍ ആര്‍ട്ട്‌ ഡയറക്ടറുമായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ നാസര്‍, ഷാര്‍ജയില്‍ സേഫ്റ്റി എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത്‌ എന്നിവരാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിനു വേണ്ടി ഈ ഉദ്യമം ഏറ്റെടുത്തത്.

sreejith-abdul-nasser-epathram

ശ്രീജിത്ത്, അബ്ദുള്‍ നാസര്‍

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായ ജിനോയ്‌ വിശ്വനെ e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ചു സമീപിച്ച തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചു എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം യു.എ.ഇ. യിലെ അനേകം വേദികളില്‍ പ്രദര്‍ശിപ്പിച്ച e പത്രം പരിസ്ഥിതി ക്ലബ്‌ ഈ വിഷയത്തില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും എന്ന അന്വേഷണത്തിന്റെ ഒടുവിലാണ് ഷട്ടര്‍ ബഗ്സ് ക്ലബ്ബുമായി ബന്ധപ്പെടാന്‍ ഇടയായത്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്നതിലുപരി ഒരു പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയും കൂടിയായ ജിനോയ്‌ വിശ്വന്‍ ഷട്ടര്‍ ബഗ്സിന്റെ സേവനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിന് ഉതകുന്ന എന്ത് പ്രവര്‍ത്തനത്തിനും ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു. അങ്ങനെയെങ്കില്‍ കാസര്‍ക്കോട്‌ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ നേരിട്ടെടുത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയും പ്രശ്നത്തിന്റെ ഗൌരവം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തുകയും ചെയ്യാം എന്ന e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ ആശയം ഷട്ടര്‍ ബഗ്സ് പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു.

e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കേരളത്തിലും യു.എ.ഇ. യിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, പ്രൊഫ. എം. എ. റഹ്മാന്‍, കാസര്‍ക്കോടുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിക്ക് നേതൃത്വം നല്‍കുന്ന ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെടുകയും ഇവരുടെ യാത്രയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. കാസര്‍ക്കോട്ടെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കുമാരന്‍ എന്ന ഒരു സഹായിയെയും ഇവര്‍ ഏര്‍പ്പെടുത്തി കൊടുത്തു. ദുരിത ബാധിത പ്രദേശത്തെ പതിനഞ്ച് കുടുംബങ്ങളില്‍ കുമാരന്റെ സഹായത്തോടെ ചെന്നെത്തിയ ഇവര്‍ തങ്ങള്‍ അവിടെ കണ്ട ഭീകരത അനിര്‍വചനീയമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ മാധ്യമമായ ക്യാമറയില്‍ പല ചിത്രങ്ങളും ഒപ്പിയെടുക്കുവാന്‍ തങ്ങളുടെ മനസ് അനുവദിക്കാത്ത അത്രയും ദാരുണമായിരുന്നു പല കാഴ്ചകളും. പക്ഷെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രണ്ടു തലമുറകള്‍ അനുഭവിക്കുന്ന ഈ ദുരന്തം അവിടത്തുകാരെ നിസ്സംഗരാക്കിയിരുന്നു. തങ്ങളില്‍ ഒരാളെ ആസന്ന നിലയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ട് പോവുന്നത് നോക്കി ഇനി അയാള്‍ തിരിച്ചു വരില്ല എന്ന് തികച്ചും നിസ്സംഗമായി പറയുന്ന കാഴ്ച ഒരിക്കലും ഒരു ക്യാമറയിലും ഒപ്പിയെടുക്കുവാന്‍ കഴിയാത്തവണ്ണം തീവ്രമായിരുന്നു എന്ന് ഇവര്‍ ഓര്‍മ്മിക്കുന്നു.

ദുരിത ബാധിത കുടുംബങ്ങളോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച ഇവര്‍ യു.എ.ഇ. യില്‍ തിരിച്ചെത്തിയത്‌ സുവ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ്. തങ്ങള്‍ കണ്ട ദുരിതം ലോകത്തെ കാണിച്ച് നിസഹായരായ ഈ ജനതയ്ക്ക്‌ സന്മനസ്സുകളുടെ സഹായം ലഭ്യമാക്കുക എന്നതാണ് അത്. വിവിധ മാധ്യമ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ രൂപം കൊണ്ട എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിക്കാനായി തങ്ങളുടെ ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ഇവര്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി തിരഞ്ഞെടുത്ത ഫോട്ടോകളുടെ വലിയ പ്രിന്റുകള്‍ എടുത്ത് പ്രദര്‍ശനത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് ഇവര്‍. ചിലവേറിയ ഈ ഉദ്യമത്തില്‍ ഇവരോടൊപ്പം ചേര്‍ന്ന് സഹകരിക്കാനും സഹായ്ക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ വിളിച്ച് ബന്ധപ്പെടാവുന്നതാണ് : 0555814388. green at epathram dot com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010