വാഷിംഗ്ടണ്‍ : സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്ക സിറിയയിലെ തങ്ങളുടെ നയതന്ത്ര കാര്യാലയം അടച്ചു പൂട്ടുവാന്‍ ഒരുങ്ങുന്നു. സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍ അസ്സദിന് സിറിയയുടെ മേല്‍ പൂര്‍ണ്ണമായ നിയന്ത്രണം ഇല്ല എന്നാണ് അമേരിക്കയുടെ ആരോപണം. ജനാധിപത്യ വാദികള്‍ നയിക്കുന്ന പ്രക്ഷോഭത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന രീതി അമേരിക്കയും സിറിയയും തമ്മില്‍ ഏറെ പിരിമുറുക്കം സൃഷ്ടിക്കുവാന്‍ കാരണമായിരുന്നു.
സിറിയക്കെതിരെ അന്താരാഷ്‌ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് ഏറെ കാലമായി അമേരിക്ക ആവശ്യപ്പെട്ട് വരുന്നു. എന്നാല്‍ സിറിയയെ സൈനികമായി ആക്രമിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്ക വ്യക്തമാക്കുന്നുണ്ട്. അമേരിക്കന്‍ എംബസി അടച്ചു പൂട്ടിയാല്‍ സിറിയയുമായുള്ള നേരിട്ടുള്ള വാര്‍ത്താ വിനിമയത്തില്‍ കുറവ് വരും. എന്നാല്‍ ഇത് മൂലം സിറിയയുമായുള്ള അമേരിക്കയുടെ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടില്ല.
- ജെ.എസ്.