ന്യൂയോര്‍ക്ക് : മദ്ധ്യപൂര്‍വേഷ്യയിലെ ഒട്ടേറെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു പ്രശസ്തനായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ആന്തണി ഷാദിദ് സിറിയയില്‍ വെച്ച് മരണമടഞ്ഞു. ഇറാഖ് മുതല്‍ ലിബിയ വരെ ഒട്ടേറെ സംഘര്‍ഷ ഭരിത പ്രദേശങ്ങളില്‍ നേരിട്ട് ചെന്ന് വാര്‍ത്തകള്‍ ശേഖരിക്കാറുള്ള ഇദ്ദേഹത്തിന് രണ്ടു തവണ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇദ്ദേഹം സിറിയയില്‍ പ്രസിഡന്റിന് എതിരെ നടക്കുന്ന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യാനായി സിറിയയില്‍ എത്തിയതായിരുന്നു.
കടുത്ത ആസ്തമാ രോഗിയായ ഷാദിദ് ആസ്തമാ രോഗം മൂലമാണ് മരിച്ചത്. ആരുടേയും കണ്ണില്‍ പെടാതെ സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് എത്തുവാന്‍ അദ്ദേഹം കാര്‍ ഉപയോഗിക്കാതെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. സൈനികരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ഏതാനും കുതിരകളുടെ മറ പറ്റിയാണ് അദ്ദേഹം നടന്നത്. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും അധികം അലര്‍ജി ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു കുതിരകളുടെ സാമീപ്യം എന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ഇതിനെ തുടര്‍ന്ന് ആസ്തമാ രോഗം കൂടുതല്‍ ഗുരുതരമായാണ് അദ്ദേഹം മരിച്ചത് എന്നും പിതാവ് വെളിപ്പെടുത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, മാദ്ധ്യമങ്ങള്‍, സിറിയ