
ഹെൽസിങ്കി: ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോണുകളിലൂടെ അത്യധികം ജനപ്രീതി നേടിയ “ആങ്ക്രി ബേർഡ്സ്” എന്ന കളിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത് എന്ന് കളിയുടെ ഉപജ്ഞാതാക്കളായ റോവിയോ എന്റർടെയിന്മെന്റ് എന്ന ഫിൻലൻഡ് ആസ്ഥാനമായ കമ്പനിയുടെ വക്താക്കൾ അറിയിച്ചു.
ഹാക്കർമാരുടെ ഉദ്ദേശം വ്യക്തമല്ലെങ്കിലും ഈ കളി കളിക്കുന്നവരുടെ സ്മാർട്ട് ഫോണുകൾ വഴി സ്വകാര്യ വിവരങ്ങൾ അമേരിക്കൻ ബ്രിട്ടീഷ് ചാര സംഘടനകൾ ചോർത്തുന്നതായി കഴിഞ്ഞ ദിവസം എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ട് ഫോണിൽ ആങ്ക്രി ബേർഡ്സ് എന്ന കളി കളിക്കുന്നവരുടെ ഫോണുകളിലൂടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന രഹസ്യം പുറത്തായത് ലോകമെമ്പാടും വൻ ആശങ്കയാണ് ഉയർത്തിയത്. ഇതിനോടുള്ള പ്രതികരണമാവാം ഈ കമ്പനിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം എന്ന് കരുതപ്പെടുന്നു.
ഒരു ചാര സംഘടനയുമായി തങ്ങൾ ചേർന്ന് പ്രവർത്തിക്കുകയോ തങ്ങലുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, ബ്രിട്ടന്, മനുഷ്യാവകാശം




























