ഇസ്‌ലാമാബാദ് : നാറ്റോ സൈന്യത്തിന് വീണ്ടും ഗതാഗത സൌകര്യങ്ങള്‍ തുറന്നു കൊടുക്കരുത് എന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ട് തീവ്രവാദ സംഘങ്ങളിലെ പ്രവര്‍ത്തകര്‍ പാര്‍ലിമെന്റ് മന്ദിരത്തിനരികെ വന്‍ റാലി സംഘടിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പാക് പാര്‍ലിമെന്റില്‍ തുടങ്ങാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധ പ്രകടനം. ചര്‍ച്ചകള്‍ക്കൊടുവില്‍ നാറ്റോ സൈന്യത്തിന് സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായുള്ള പാതകള്‍ വീണ്ടും തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവും എന്ന് കരുതപ്പെടുന്നു.
ദഫാ എ പാക്കിസ്ഥാന്‍ , ലഷ്കര്‍ എ തൈബ, ജമാഅത്ത് ഉദ് ദവ, അഹല്‍ എ സുന്നത്ത് വല്‍ ജമാഅത്ത്, സിപാ എ സഹബ എന്നീ സംഘങ്ങളുടെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.
ജിഹാദ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ഇന്തോ അമേരിക്കന്‍ ഇസ്രയേലി സഖ്യത്തിനെതിരെയും, അമേരിക്ക തുലയട്ടെ എന്നും അമേരിക്കന്‍ അധിനിവേശം അനുവദിക്കില്ല എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി. നാറ്റോ സഖ്യത്തിന് പാതകള്‍ തുറന്നു കൊടുത്താല്‍ അമേരിക്കന്‍ ഏജന്റുമാര്‍ പാക്കിസ്ഥാനില്‍ എത്തുമെന്നും പഴയത് പോലെ നിരപരാധികളായ പാക് പൌരന്മാരെ കശാപ്പ് ചെയ്യുമെന്നും റാലിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍ പാക് രാഷ്ട്രീയ നേതാക്കളും സൈനിക തലവന്‍ ജെനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും രാജി വെയ്ക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്‍, പ്രതിഷേധം, യുദ്ധം