വത്തിക്കാന്‍ : പുരോഹിതന്മാര്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉടനടി പോലീസിനെ അറിയിക്കണം എന്ന് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ പറ്റി ഉടനടി പോലീസിനു വിവരങ്ങള്‍ കൈമാറണമെന്നും ലൈംഗിക പീഡനം തടയാന്‍ ആവശ്യമായ മാര്‍ഗ്ഗ രേഖകള്‍ക്ക് രൂപം നല്‍കണമെന്നും വത്തിക്കാന്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ കത്തില്‍ പറയുന്നു.
എന്നാല്‍ അമേരിക്കയില്‍ പുറപ്പെടുവിച്ച മാര്ഗ്ഗ രേഖകളിലെ അത്ര കര്‍ശനമല്ല വത്തിക്കാന്‍ നിര്‍ദ്ദേശമെന്നു ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട്. ആരോപണ വിധേയരായ പുരോഹിതന്മാരെ അന്വേഷണ വിധേയമായി ആരാധനയില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉള്ള നിര്‍ദ്ദേശമൊന്നും വത്തിക്കാന്‍ രേഖയില്‍ ഇല്ല.
പുരോഹിതന്മാര്‍ നടത്തിയ ബാല ലൈംഗിക പീഡന കേസുകള്‍ ആഗോള തലത്തില്‍ തന്നെ വന്‍ തോതില്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിച്ഛായാ സംരക്ഷണ നടപടി എന്ന നിലയിലാണ് വത്തിക്കാന്റെ ഈ ചുവടുവെപ്പ്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ സഭയുടെ നിയമ പ്രകാരം ശിക്ഷിക്കുകയോ, പോലീസില്‍ ഏല്‍പ്പിക്കുകയോ ചെയ്യുന്നതിന് പകരം സഭയുടെ പേരിന് കളങ്കം ഏല്‍ക്കാതിരിക്കാന്‍ ആരോപണ വിധേയമാകുന്നവരെ മറ്റ് സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി അവരെ ബിഷപ്പുമാര്‍ സംരക്ഷിച്ചു പോരുകയാണ് പതിവ് എന്നാണ് ഇത്തരം ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായവരുടെ സംഘടനയായ സര്‍വൈവേഴ്സ് നെറ്റ്വര്‍ക്ക് ഫോര്‍ ദോസ് അബ്യൂസ്‌ഡ് ബൈ പ്രീസ്റ്റ്‌സ് (Survivors’ Network for Those Abused by Priests) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
- ജെ.എസ്.