ട്രിപ്പോളി: കിഴക്കന്‍ ട്രിപ്പോളിയില്‍ പ്രാന്തത്തിലെ അരാഡയിലെ ജനവാസ കേന്ദ്രത്തില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു ലിബിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്‌ച പുലര്‍ച്ചെയാണ് നാറ്റോ സേന മിസൈല്‍ പതിച്ചത്. അഞ്ചു കുടുംബങ്ങള്‍ താമസിച്ചിരുന്ന മൂന്നു നിലയുള്ള കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നു. ഇവിടത്തെ പ്രാദേശിക ആശുപത്രിയില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്‌ട്. സൈനികകേന്ദ്രങ്ങളില്‍ മാത്രമെ ആക്രമണം നടത്തുകയുള്ളൂ എന്നവകാശപ്പെടുന്ന നാറ്റോ സേന തുടര്‍ച്ചയായി രണ്ടാം തവണയാണ് സിവിലിയന്‍മാര്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തു വിടുന്നത്. ജനവാസ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു നാറ്റോ വക്താവ് അറിയിച്ചതിനു പിറകെയാണ് ഈ ആക്രമണവും. സാധാരണ പൗരന്മാരുടെ വസതി ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണം പാശ്ചാത്യരാജ്യങ്ങളുടെ ക്രൂരതയുടെ ഉദാഹരണമാണെന്ന് വിദേശമന്ത്രി ഖാലിദ് കെയിം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. നാശനഷ്ടങ്ങള്‍ നേരില്‍ക്കാണാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
- ഫൈസല്‍ ബാവ